inner page banner

ശ്രീനാരായണ ഗുരുധർമ്മമഠം

ഗുരുദേവൻ ലോകസംഗ്രഹിലിരുന്ന നാല് ദശാബ്ദങ്ങളിൽ പിന്നെ മരുത്വാമല സന്ദർശിച്ചതായി രേഖകളില്ല. ഗുരുവിൽനിന്ന് ശിഷ്യർ അറിഞ്ഞ് പ്രചരിച്ച തപസിന്റെ കഥകളിൽ മാത്രം മരുത്വാമല ഒതുങ്ങിനിന്നു. പിന്നീട് ഗുരുവിന്റെ ശിഷ്യസംഘത്തിൽ ചിലർ അവിടെയെത്തി പിള്ളത്തടത്തിൽ പ്രാർത്ഥനയും പൂജയുമൊക്കെ നടത്തിയിരുന്നു. ഇരുപത്തിയഞ്ച് വർഷങ്ങൾക്കുമുമ്പ് ശിവഗിരി സംന്യാസി സംഘത്തിലെ മുതിർന്ന സംന്യാസിമാരിൽ ഒരാളായ സ്വാമി വിശുദ്ധാനന്ദ ഇവിടെ എത്തിയതോടെയാണ് താഴ്‌വരയിൽ ശ്രീനാരായണധർമ്മ മഠം എന്ന പേരിൽ ആശ്രമം സ്ഥാപിച്ചത്. പിള്ളത്തടം ഗുഹയഇൽ ദിവസങ്ങളോളം ഗുരുകൃതികൾ പാടിയും ജപിച്ചും ധ്യാനിച്ചും വസിച്ച സ്വാമി വിശുദ്ധാനന്ദയ്ക്ക് ആഹാരവും വെള്ളവുമൊക്കെ എത്തിച്ച് സംരക്ഷിച്ചത് ഗുരുദേവ ഭക്തരായിരുന്നു. അവർ സംഘം ചേർന്ന് നടത്തിയ ശ്രമങ്ങളാണ് ആദ്യം ഓലക്കുടിലായും പിന്നീട് ഇന്നു കാണുന്ന രണ്ടുനിലയിൽ പ്രാർത്ഥനാഹാളും ലൈബ്രറിയും ഓഫീസും അടങ്ങുന്ന ആശ്രമത്തിന്റെ പ്രധാനകെട്ടിടം ഉയർന്നത്. ചുറ്റിനും യാത്രികർക്ക് താമസിക്കാവുന്ന കോട്ടേജുകൾ, കൃഷിയിടം, പശുത്തൊഴുത്ത് എന്നിങ്ങനെ പിന്നീട് വിപുലമായ ആശ്രമസംവിധാനങ്ങൾ ഉണ്ടാക്കി. ഇതിനോടനുബന്ധിച്ച് വാങ്ങിയ ആറ് ഏക്കർ സ്ഥലത്താണ് ഇപ്പോൾ ഏഴു നിലകളിൽ ഗുരുദേവമന്ദിരം പണിയാൻ ഉദ്ദേശിക്കുന്നത്.