inner page banner

ശിവഗിരി

ശിവഗിരി എന്ന നാമം മംഗളകരമായ ഉയർന്നപ്രദേശം എന്ന അർത്ഥം നൽകുന്നു. ശിവന്റെ വാസസ്ഥലമായ കൈലാസം എന്നും അർത്ഥം കല്പിക്കാം. ശിവം എന്നാൽ മംഗളം ആണ്. ശിവൻ മംഗളമൂർത്തിയും. ഹിമവാന്റെ തപോഭൂമിയിലേക്ക് സംന്യസിക്കാൻ പോകുന്ന ഭാരതീയ പാരമ്പര്യത്തെ മരുത്വാമല എന്ന തപോഭൂമികൊണ്ട് പകരംവച്ച ഗുരു കൈലാസത്തിന് ശിവഗിരികൊണ്ട് സമാനത തീർക്കുകയായിരുന്നു. നിലവിലുള്ള വിശ്വാസബിംബങ്ങളെ പാടേ അവഗണിക്കുകയും തച്ചുടയ്ക്കുകയുമായിരുന്നില്ല ഗുരുവിന്റെ രീതി. വിശ്വാസബിംബങ്ങളുടെ സത്തയെ ഉൾക്കൊണ്ടുകൊണ്ട് കൂടഉതൽ പ്രായോഗികവും ശുദ്ധവുമായ സമ്പ്രദായം നടപ്പാക്കുക എന്നതായിരുന്നു. അതിനാലാണ് ആധുനികലോകത്തിന്റെ ദൈവമായി ഗുരുവിനെ ലോകം ആരാധിക്കുന്നത്.
എസ്. എൻ. ഡി. പി യോഗം രൂപീകരിച്ചതിന്റെ പിറ്റേവർഷമാണ് ഗുരു വർക്കലയിൽ എത്തുന്നത്. ദക്ഷിണകാശി എന്ന് പുകൾപെറ്റസ്ഥലമായിരുന്നു വർക്കല. പാപനാശം കടലും ജനാർദ്ദനസ്വാമിക്ഷേത്രവും പിതൃമോക്ഷകരമായി നിലകൊണ്ടു. എന്നാൽ സവർണർ എന്ന് അഭിമാനിച്ചിരുന്ന ജനവിഭാഗം കൈയടക്കി വച്ചിരുന്ന ആ ക്ഷേത്രവും പിതൃതർപ്പണ കടൽത്തീരവും അവർണലക്ഷങ്ങളെ വിശ്വാസത്തിന്റെ പേരുപറഞ്ഞ് പണം തട്ടാനും അവരെ ക്ഷേത്രപരിസരത്തുപോലും അടുപ്പിക്കാതിരിക്കാനുമുള്ള ഇടങ്ങളിൽ ഒന്നായിരുന്നു. അതിനെതിരെ എന്തെങ്കിലും ചെയ്യണം എന്നായിരുന്നില്ല ഗുരുവിന്റെ രീതി. അതിനേക്കാൾ നല്ല വിശുദ്ധമായ ഒരു ആദ്ധ്യാത്മിക കേന്ദ്രം ഉണ്ടാക്കണം എന്നതായിരുന്നു. അതിനായി തിരഞ്ഞെടുത്ത കുന്നിൻപ്രദേശമാണ് ശിവഗിരി. അവിടെ ആശ്രമം കെട്ടി. ഭക്തർ വന്നു തുടങ്ങിയപ്പോൾ ഒരു കർക്കടകവാവുബലിക്ക് പിതൃകർമ്മം അറിയാവുന്നവരെ വിളിച്ച് പിതൃബലി നടത്തുകയാണ് ലദ്യം ചെയ്തത്. വർക്കല പാപനാശത്തിന്റെ ബലിക്കുത്തകയ്ക്ക് അങ്ങനെ ഇടിവുതട്ടി. പിതൃബലി അവർണസമൂഹം അന്നും ഇന്നും ഏറെ വിശ്വാസപൂർവം ചെയ്യുന്നതാണ്. അതിലൂടെ അവരെ ആകർഷിക്കാനും വിശ്വാസത്തിന്റെ നേർവഴി സാവധാനം കാട്ടിക്കൊടുക്കാനുമായിരുന്നു ശ്രമം.
പിന്നീട് ഇവിടെയൊരു ശിവക്ഷേത്രം പണിതു. വർഷങ്ങൾക്കുശേഷം അത് തീപിടിച്ചുപോയപ്പോൾ ഗുരു മൊഴിഞ്ഞു. ശിവനങ്ങും നാമിങ്ങും എന്ന്. ശിവൻ ഇനി അങ്ങേലോകത്താണ് നാം ഇങ്ങേലോകത്തെ കാര്യങ്ങൾ ചെയ്യുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്ന് സാരം.
വിദ്യകൊണ്ട് ബുദ്ധിയെ സ്വതന്ത്രമാക്കി എല്ലാറ്റിനെയും വിവേകത്തോടെ വിശകലനം ചെയ്ത് ജീവിക്കുക എന്ന ലക്ഷ്യബോധം ഉണ്ടാക്കാനായി 1912 ൽ ഗുരുദേവൻ വിദ്യയുടെ അധിദേവതയായ ശ്രീശാരദയെ പ്രതിഷ്ഠിച്ചു. ബുദ്ധവിഹാരംപോലെ ഒരു മഠം ആണുണ്ടാക്കിയത്. അതായത് ദേവീ ഉപാസനയിൽ കലർന്നിരുന്ന ഹിംസാത്മകമായ കുരുതിയും ബലിയും ഇല്ലാത്ത അഹിംസാത്മകമായ ഇടം എന്ന് ദ്യോതിപ്പിക്കുക. അഭിഷേകവും നിവേദ്യവും വേണ്ട, ശാരദയ്ക്ക് പൂവും വെള്ളവും മതി എന്നു മൊഴിഞ്ഞു. പൂവ് എന്നത് കർമ്മഫലമാണ്. മനസിന് സുഗന്ധവും സൗന്ദര്യവുമുണ്ടായാൽ കർമ്മത്തിൽ അത് പ്രതിഫലിക്കും. അപ്പോൾ കർമ്മഫലവും പുഷ്പസമാനമാകും. അത് വിദ്യയുപദേശിച്ച ദേവിക്ക് സമർപ്പിച്ച് അഹന്തയെ വെടിയുക. വെള്ളം എന്നത് താണനിലത്തേക്ക് ഒഴുകുന്നതും ജീവനെ നിലനിറുത്തുന്നതുമാണ്. തന്നേക്കാൾ താണവരിലേക്ക് അനുകമ്പയും കരുണയുമായി ഒഴുകിയെത്താനുള്ള മനസാണ് ആരാധനകൊണ്ട് നേടേണ്ടത്. അത്തരം അനുകമ്പാർദ്രമായ സമീപനമാണ് ജീവനെ നിലനിറുത്തുന്നത്. ശ്രീശാരദ ഇത്തരം ഉപാസനകൾ മാത്രം ഏറ്റുവാങ്ങുന്ന വിദ്യാസ്വരൂപിണിയാണ്. കർമ്മവും ചിന്തയും ശുദ്ധമാക്കി വയ്ക്കുന്നവരോട് അവൾ പ്രസാദിക്കും. അല്ലാത്തവരിൽ പ്രസാദിക്കില്ല.