inner page banner

ശ്രീനാരായണഗുരുദേവന്റെ ജീവിതവും ദർശനവും

ദാർശനികം, വൈകാരികം, ശാസ്ത്രപരം എന്നിങ്ങനെ പൊതുവേ മൂന്നുതരത്തിലാണ് മനുഷ്യർ ജീവിതത്തെ നോക്കിക്കാണുന്നത്.  ദാർശനികർ ജീവിതത്തിന്റെ താത്ത്വികമായ വശങ്ങളെക്കുറിച്ച്  സ്വന്തമായോ ദാർശനികരായ മഹത്തുക്കളിൽനിന്നോ സ്വരുക്കൂട്ടിയ തത്ത്വങ്ങൾ അടിസ്ഥാനപ്രമാണമാക്കുന്നു.
വൈകാരികമായി ജീവിതത്തെ സമീപിക്കുന്നവർ സ്വന്തം ഹൃദയവികാരങ്ങളെ തൃപ്തിപ്പെടുത്തുന്നതിലാണ് പ്രാധാന്യം കാണുന്നത്. അവർ ജന്മംകൊണ്ടോ സ്വാധീനംകൊണ്ടോ ഉൾപ്പെട്ട ഒരു മതത്തിന്റെ ചിട്ടവട്ടങ്ങളിൽനിന്നുകൊണ്ട് അത് വ്യവസ്ഥാപിതമാക്കിയ ദൈവത്തെ വൈകാരികമായി ഉൾക്കൊണ്ട് അനുഷ്ഠാനങ്ങളും വിശ്വാസസംഹിതകളുമൊക്കെയായി ജീവിക്കുന്നു. അവർ ഭക്തരാണ്.
മൂന്നാമത്തെകൂട്ടർ ജീവിതത്തെ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കാര്യകാരണങ്ങൾ ചിട്ടപ്പെടുത്തി ജീവിക്കുന്നവരാണ്. അവർ കണ്ണിൽക്കണ്ടതുമാത്രം വിശ്വസിക്കുകയും അല്ലാത്തതിനെയെല്ലാം നിരാകരിക്കുകയും ചെയ്യുന്നവരാണ്. അവർ ഭൗതികവാദികളോ യുക്തിവാദികളോ ആയി ജീവിക്കുന്നു.
ഈ മൂന്നുകൂട്ടരെ കൂടാതെ നാലാമതൊരുകൂട്ടർ എക്കാലത്തും ലോകത്തുണ്ടാവും. അവർക്ക് പ്രത്യേകിച്ച് ചിന്തകളൊന്നുമുണ്ടാവില്ല. ഉണരണം ഉറങ്ങണം ഭുജിക്കണം പുണരണം എന്നമട്ടിൽ ജീവിക്കും. തങ്ങളുടെ ഈ നാല് സുഖങ്ങൾക്ക് അപ്പുറം അവർക്കൊരു ലോകമില്ല. ഇവയെ പരിപോഷിപ്പിക്കുന്നതിന് എന്തൊക്കെ ലഭിക്കുമോ അവയുടെയെല്ലാം പിന്നാലേ പോകും. ഈ നാല് സുഖങ്ങൾക്ക് തടസം നേരിടുമ്പോൾ വ്യഥയിൽപ്പെടുകയും  അത് പരിഹരിക്കപ്പെട്ടാൽ അല്പനേരം സന്തോഷിക്കുകയും ചെയ്യും. ആ സുഖസ്മരണതീരുമ്പോ മറ്റൊന്നിനെ ആഗ്രഹിക്കും. നാലുതരം സുഖങ്ങൾക്കായി ദാർശനികരെയോ മതപുരോഹിതരെയോ ശാസ്ത്രജ്ഞരെയോ തരാതരംപോലെ ഇവർ ആശ്രയിക്കും. ലോകത്തെ മഹാഭൂരിപക്ഷം ജനത ഈ ഗണത്തിൽപ്പെടുന്നവരാണ്. ഇവരുടെ സുഖമോഹം മുതലെടുക്കാൻ ദാർശനികരിലെയും പുരോഹിത്ിലെയും ഭൗതികവാദികളിലെയും കച്ചവടതാല്പര്യക്കാർ വേഷംകെട്ടും. അമിതസുഖമോഹത്തിൽ കിടക്കുന്ന ഇവർക്ക് ഒരിക്കലും യഥാർത്ഥ ദാർശനികനെയോ പുരോഹിതനെയോ ശാസ്ത്രകാരനെയോ തിരിച്ചറിയാനുള്ള കഴിവുണ്ടാകില്ല. കപടരെ വിശ്വസിക്കുകയും യഥാർത്ഥത്തിലുള്ളവരെ സംശയിക്കുകയും ചെയ്യും. ദാർശനിക, ഭക്തി, ശാസ്ത്രമേഖലകൾ കച്ചവടക്കാരായ കപടർ കൈയടക്കി നാലാമത്തെ ജനവിഭാഗത്തെ മുതലെടുക്കുന്നതാണ് മൂല്യച്യുതിക്ക് കാരണമാകുന്നത്. ഭൗതിക സുഖമോഹികളായ ഈ ജനത അജ്ഞതയാൽ കപടശാസ്ത്രങ്ങളും കപടഭക്തിയും കപടദർശനങ്ങളും പെട്ടെന്ന് സ്വീകരിച്ച് ജീവിതത്തിന്റെ ഭാഗമാക്കും. അങ്ങനെ സമൂഹം നശിക്കും.
ഇതാണ് ഭഗവദ്ഗീതപറയുന്ന ധർമ്മച്യുതി. അത് പാരമ്യതയിൽ എത്തുമ്പോൾ മനുഷ്യവംശത്തിൽ ധർമ്മബോധം തിരികെ കൊണ്ടുവരാൻ ധർമ്മം സ്വയം ഇടപെടുന്നു. കാലാകാലങ്ങളിൽ അവതാരങ്ങളായും പ്രവാചകരായും അവർ ഭൂമിയിൽ എത്തിയിട്ടുണ്ട്. അവരൊക്കെ ജനതയുടെ ആദർശപുരുഷന്മാരും ദൈവങ്ങളുമായി. പക്ഷേ, അവതാരങ്ങളെ അവരുടെ ജന്മോദ്ദേശ്യത്തെ പാടേ അവഗണിച്ചുകൊണ്ട് നിവേദ്യം ഭക്ഷിക്കുന്ന ദേവന്മാരാക്കി മനുഷ്യർ. അവരുടെ പേരിൽ ആളെക്കൂട്ടാനും സംഘടിതരായി ഇതരവിശ്വാസികളെ അടിച്ചമർത്താനും സ്പർദ്ധയുണ്ടാക്കാനും ശ്രമിച്ചു. അതോടെ പരിഹാരം സാദ്ധ്യമാകാത്തവിധം ലോകം വഷളായി. ഇനിയും ഒരു അവതാരമോ പ്രവാചകനോ വന്നാൽ അവരുടെ പേരിലും ഒരു മതമോ ജാതിസമൂഹമോ വളരും എന്നല്ലാതെ പ്രത്യേകിച്ചൊന്നും സംഭവിക്കില്ല എന്ന ബോദ്ധ്യം പ്രകൃതിക്കും പരംപുരുഷനുമുണ്ടായി. ലോകത്തെ നയിക്കാൻ ഒരാൾ വേണം. അത് രാജാവോ മന്ത്രിയോ പുരോഹിതനോ ആദർശരാഷ്ട്രീയക്കാരനോ ആയാൽ ഇനി ജനം പിന്തുടരില്ല. തനി സംന്യാസിയും ആവാൻ പാടില്ല. എല്ലാത്തരം പരമ്പരാഗതരീതികൾക്കും അതീതനായ ഒരാൾക്കേ ലോകത്തെ നയിക്കാനാവൂ. ഒന്നിനോടും പരസ്യമായി യുദ്ധംചെയ്യാനിറങ്ങുന്നവനാകരുത്. തെറ്റ് എവിടെ സംഭവിച്ചു, എന്തുകൊണ്ട് സംഭവിച്ചു, എന്താണ് ഇതിനൊരു പ്രതിവിധി എന്നിങ്ങനെ ജനത്തെ പഠിപ്പിക്കാൻ ഒരു ഗുരുവാണ് വേണ്ടത്. അതിനായി സൃഷ്ടികർത്താവായ ദൈവം പൂർണതേജസോടെ ഭൂമിയിൽ എത്തിയതാണ് ചെമ്പഴന്തിയിലെ വയൽവാരംവീട്ടിൽ നാരായണൻ എന്ന ശ്രീനാരായണഗുരുവിന്റെ ജന്മപശ്ചാത്തലം. പൂർണനായ ലോകഗുരുവാണ് ശ്രീനാരായണൻ. ഇതിനപ്പുറം ഒരു രക്ഷകനെയും ശിക്ഷകനെയും ഇനി മനുഷ്യകുലം പ്രതീക്ഷിക്കേണ്ടതില്ല. അവസാനത്തെ ദൈവദൂതാണ് ഗുരുവിന്റേത്. മതം, ജാതി, വർഗം, ദേശം, ഭാഷ എന്നിവയുടെ അതിർവരമ്പുകളെ അലിയിപ്പിക്കുന്ന ജീവിതവും ദർശനവുമാണ് ഗുരുവിന്റേത്. ലോകത്ത് ഇന്ന് ആചരിക്കപ്പെടുന്ന ഹിന്ദു, ക്രിസ്ത്യൻ, ഇസ്‌ളാം, ബുദ്ധ, സിഖ്, പാഴ്‌സി മതങ്ങളിലെല്ലാം മൂല്യച്യുതിയും മുതലെടുപ്പും അടിമമനോഭാവവും ഉണ്ടായപ്പോൾ മതസംഘടിതവിഭാഗങ്ങൾക്കും അവ വളംവച്ച് വളർത്തിയ ജന്മിബൂർഷ്വാ മനോഭാവങ്ങൾക്കും എതിരെ കമ്മ്യൂണിസം ഉണ്ടായി. അതിനും പോരായ്മ ഉണ്ടായിരുന്നു. അത് മുതലാളി എന്നും തൊഴിലാളി എന്നും ജനതയെ രണ്ടായി തിരിച്ചു. ഒന്നായിരിക്കുന്ന പരംപൊരുളിൽനിന്ന് ഉള്ളതായി കാണപ്പെടുന്നതുമാത്രമാണ് ലോകം അതിനാൽ ഭിന്നിച്ചു നില്ക്കരുത് എന്ന് പഠിപ്പിക്കുന്ന ഗുരുദർശനം കമ്മ്യൂണിസത്തിനു ശേഷമാണ് ഭൂമിയിൽ അവതരിച്ചത്. ഈ മതങ്ങളുടെയെല്ലാം ആന്തരസത്തയും കമ്മ്യൂണിസത്തിന്റെ യുക്തിവിചാരവും മനുഷ്യത്വബോധവും പരമമായ സത്യദർശനത്തിന്റെ അടിത്തറയിൽനിന്നുകൊണ്ട് അവതരിപ്പിക്കുകയാണ് ശ്രീനാരായണഗുരുദേവൻ. അതിനാൽ  ഈ അതിർവരമ്പുകളില്ലാതെ ഗുരുവിനെ സ്വീകരിക്കാൻ മനുഷ്യകുലം തയ്യാറായാൽ മാത്രം മതി അനിവാര്യമായ ഒരു സർവനാശത്തിൽനിന്ന് രക്ഷനേടാൻ. ഗുരുവിന്റെ വാക്കിനെ അവഗണിച്ചാൽ ഇനി പ്രളയമാണ്. മനുഷ്യകുലത്തെ സത്യബോധത്തിൽ എത്തിക്കാൻ ഗുരു നടത്തുന്ന നിരന്തരവും ക്ഷമാപൂർവവുമായ ദൗത്യത്തെക്കൂടി ദുരമൂത്ത് മനുഷ്യൻ തന്നെ പരാജയപ്പെടുത്തിയാൽ  പ്രളയം ഭൂമിയെ ഇല്ലാതെയാക്കും. അതിനാൽ ഗുരുവിനെ മനസിൽ കുടിയിരുത്തുകയാണ് വേണ്ടത്. അവിടുത്തേക്ക് ഇഷ്ടമായതൊക്കെ സ്വീകരിക്കാനും അവിടുന്ന് തിരസ്‌കരിച്ചതൊക്കെ ഉപേക്ഷിക്കാനും മനസിനെ പരുവപ്പെടുത്തുക. അതാണ് ഗുരുചരിത്രവും കൃതികളും നാം പഠിക്കുമ്പോൾ മനസിൽ വയ്‌ക്കേണ്ട ബോദ്ധ്യം. ഗുരു ആരാണ് എന്നതിന് ഇനിയൊരു വിശദീകരണം വേണ്ടെന്ന് തോന്നുന്നു. ഇനി ആ അവതാര പൂർണതയുടെ ഓരോ ഘട്ടങ്ങളെയും പരിശോധിക്കാം.

ജനനം

ഒരു കുട്ടിയിൽനിന്ന്  പ്രായത്തിനുപറ്റിയ വാക്കുകളും പ്രവൃത്തിയുമാണ് ലോകർ പ്രതീക്ഷിക്കുന്നത്. അതിൽനിന്ന് വ്യത്യസ്തമായ വാക്കും പ്രവൃത്തിയുമുള്ള കുഞ്ഞുങ്ങളെ ലോകം അത്ഭുതത്തോടെ വീക്ഷിക്കും. അതാണ് ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ മാടനാശാനും കുട്ടിയമ്മയ്ക്കും ജനിച്ച നാരായണൻ എന്ന കുഞ്ഞിനെ ജനിച്ച അന്നുതന്നെ പൊതുശ്രദ്ധയിൽ എത്തിച്ചത്. 1855 ചിങ്ങത്തിലെ ചതയം നക്ഷത്രം. ഓണമുണ്ട് ആലസ്യത്തിൽ കിടക്കുന്ന ഒരു നാട്ടിൻപുറം. രാവിലെ 6.15ന് ജനിച്ച കുഞ്ഞ് ഏറെനേരമായിട്ടും കരയുന്നില്ല.  എല്ലാവരും ഭയന്നു. ചാപിള്ളയാണോ? അല്ല ജീവനുണ്ട്. ശാന്തമായി എല്ലാവരെയും നോക്കി നിർന്നിമേഷനനായി കിടക്കുന്നു. ഇക്കാണുന്ന മിഥ്യാലോകത്തെക്കണ്ട് കരയാനും ചിരിക്കാനും വന്നതല്ല. ഇതൊക്കെ നിഴൽക്കാഴ്ചയാണെന്നും അതിൽ ഭ്രമിച്ച് ചിരിച്ചോ കരഞ്ഞോ അലയരുത് എന്ന് ബോദ്ധിപ്പിക്കാൻ വന്നതാണെന്നും നാണു തന്റെ ജനനദിവസം തന്നെ വെളിപ്പെടുത്തി. പാവങ്ങളായ വീട്ടുകാർക്കും നാട്ടുകാർക്കും അത് തിരിച്ചറിയാനുള്ള കഴിവില്ലായിരുന്നു എന്ന് മാത്രം.

ബാല്യം

ബാല്യത്തിൽ വീട്ടിൽ ഒരു പ്രായംചെന്നയാളുടെ മരണം ഉണ്ടായപ്പോൾ അയാളെ നഷ്ടപ്പെട്ട വ്യഥയിൽ അമ്മയും ബന്ധുക്കളും കരയുന്നത് നാണു കണ്ടു. പിറ്റേദിവസം അങ്ങനെ സങ്കടപ്പെട്ടവർ ചിരിച്ച് സന്തോഷിക്കുന്നത് നാണുവിന് ഉൾക്കൊള്ളാനായില്ല. കുടുംബബന്ധങ്ങൾ വെറും പൊള്ളത്തരമാണെന്ന തിരിച്ചറിവിൽ ആ ബാലൻ കാട്ടിൽക്കയറി പിണങ്ങിയിരിക്കുന്നു. പൂജയ്ക്ക് വയ്ക്കുന്ന ദ്രവ്യങ്ങൾ എടുത്തുകഴിക്കും. മുതിർന്നവർ ചോദിച്ചാൽ പറയും. ഞാൻ കഴിച്ചാൽ ദൈവം പ്രസാദിക്കും എന്ന്. വീട്ടുകാർക്ക് അതൊരു കുസൃതിയായേ തോന്നൂ. പക്ഷേ, താൻ ലോകഗുരുവാണെന്ന് നാണു പറയാതെ പറയുകയാണ്. ഗുരു പ്രസാദിച്ചാൽ ദൈവം പ്രസാദിക്കും. ഗുരുപ്രസാദമുണ്ടായാൽ നമ്മിൽ ദൈവം തെളിഞ്ഞുതുടങ്ങും എന്നർത്ഥം. ഞാൻ കഴിച്ചാൽ ദൈവം പ്രസാദിക്കും എന്നു പറയുന്നതിൽ മറ്റൊരു വശംകൂടിയുണ്ട്. എന്നിലെ ഞാൻ തൃപ്തനായാൽ എന്നിലെ ദൈവം പ്രസാദിക്കപ്പെടും. ഞാനിനെയാണ് തൃപ്തനാക്കേണ്ടത്.
കുടിപ്പള്ളിക്കൂടത്തിൽ പോകുന്നവഴിക്ക് പുലയക്കുടിയിൽ കഞ്ഞി തിളച്ചുപൊന്തുന്നത് കണ്ട് നാണു ഓടിച്ചെന്ന് അതിറക്കി വയ്ക്കുന്നു.  നാണു പുലയക്കുടിയിൽ കയറിയത് ഈഴവർക്ക് തീണ്ടലായി. എന്നാൽ ചോദ്യം ചെയ്തപ്പോൾ ഞാൻ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ അവർ പട്ടിണിയാകുമായിരുന്നു എന്നാണ് നാണു പറഞ്ഞത്.
തിളച്ചുതൂവുന്നത് അന്തക്ഷോഭമാണ്. അടിമത്തത്തിനെതിരെ എല്ലാ അടിമകളിലും അന്തക്ഷോഭം തിളയ്ക്കാറുണ്ട്. പ്രതികരിച്ചാൽ കൊല്ലപ്പെടുമെന്നോ അടിച്ചമർത്തപ്പെടുമെന്നോ ഭയന്ന് ഒതുങ്ങിക്കൂടും. പറ്റിയ അവസരംകിട്ടിയാൽ തിളച്ചുതൂവുകതന്നെ ചെയ്യും. അന്നം തിളച്ചുതൂവിയാലും വികാരം തിളച്ച്തൂവിയാലും പിന്നെഉപയോഗിക്കാനാവില്ല. അത് സ്വയം നശിക്കാനിടയാക്കും. വികാരം തിളയ്ക്കുമ്പോൾ അത് യഥാസമയം ഇറക്കിവയ്ക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ ആ തിളപ്പിൽനിന്ന്  അതിജീവനത്തിനുള്ള ഉത്തരം കിട്ടും. ശരിയായ ഉത്തരത്തിലേക്ക് നയിക്കാൻ ക്ഷോഭമോ പ്രക്ഷോഭമോ വേണ്ട. യഥാസമയം ചെന്നേണ്ടത് ചെയ്യുവാനുള്ള വിവേകം മതി. ഒരവസരവും പാഴാകില്ല.

വിദ്യാഭ്യാസം

കണ്ണങ്കര തറവാട്ടിൽനിന്ന് ഭാഷയിൽ ഹരിശ്രീ. ബാലപ്രബോധനവും അമരകോശവും അടക്കം പ്രാഥമിക പാഠങ്ങൾ. പഠിപ്പിക്കുന്ന പാഠങ്ങളേക്കാൾ കൂടുതൽ അറിവും വ്യുല്പത്തിയും കണ്ട് അന്നത്തെക്കാലത്ത് അപൂർമായിരുന്ന ഉപരിപഠനം എന്ന സാദ്ധ്യതയിലേക്ക് പഠനം നീണ്ടു. ജാതിയിൽ താഴ്ന്നവർക്ക് ഉന്നതവിദ്യാഭ്യാസം സാദ്ധ്യമല്ല. പക്ഷേ, എന്നിട്ടും ദൈവം അതിനൊരു വഴിയൊരുക്കുന്നു. വാരണപ്പള്ളിയിൽ കുമ്മമ്പള്ളി രാമൻപിള്ളയാശാൻ ജാതി നോക്കാതെ വിശിഷ്ടവിദ്യാഭ്യാസം ദാനം ചെയ്തിരുന്നു അക്കാലം. ഗുരുകുലവാസമാണ്. അവിടെ പോയിരുന്നു പഠിക്കണം. നാണുവിന്റെ വിദ്യാഭ്യാസ ഉപരിപഠനം അങ്ങനെ വാരണപ്പള്ളിയിലായി. കൗമാരത്തിന്റെ വികാരത്തള്ളിച്ചകൾ സഹപാഠികളെ കിനാവുകാണാനും പ്രണയംപൂക്കാനും പഠിപ്പിച്ചപ്പോൾ ജന്മനാലഭിച്ച ആത്മപ്രേരണയാൽ നാണു ഉള്ളിലേക്ക് ഒതുങ്ങി ഉള്ളിൽ നിറഞ്ഞ് തുളുമ്പുന്ന ആന്തരസത്യത്തെ തേടുകയായിരുന്നു. ദൈവം നിറയുന്ന പ്രാർത്ഥനയിലും ധ്യാനത്തിലും നാണു ലോകത്തോട് സംവദിക്കുകയായിരുന്നു. ആ ചെറുപ്രായത്തിൽ ജീവിതത്തിന്റെ സത്യംതേടി ആത്മാവിനെ സ്വയം അലട്ടിക്കൊണ്ടിരുന്നു നാണു. അത് മോഹാലസ്യത്തിന് ഇടയാക്കി. ബോധംകെട്ടുവീണ ശിഷ്യനെ കുമ്മമ്പള്ളി രാമൻപിള്ളയാശാൻ താങ്ങിയെടുത്ത് മടിയിൽ കിടത്തിയപ്പോൾ നാണു ഇങ്ങനെ പാടി:
ഭൂയോവൃത്തി നിവൃത്തിയായ്ബ്ഭുവനവും
സത്തിൽ തിരോഭൂതമായ്
പീയൂഷധ്വനി ലീനമായ്ച്ചുഴലവും
ശോഭിച്ചു ദീപപ്രഭ
മായാമൂടുപടം തുറന്നു മണിരംഗത്തിൽ
പ്രകാശിക്കുമ-
ക്കായാവിൻ മലർമേനി കൗസ്തുഭമണി-
ഗ്രീവന്റെ ദിവ്യോത്‌സവം!

ഈ കാണുന്ന ഭാവങ്ങളുടെയെല്ലാം ആകത്തുകയായ ഭുവനം ഏകമായിരിക്കുന്ന സത്തിൽ ലയിച്ചിരിക്കുന്നതായി അറിയുന്നു. അമൃതരസാനുഭൂതിയിലെ ആന്തരധ്വനിയും വിലീനമായിക്കഴിഞ്ഞു. എല്ലായിടവും ഒരൊറ്റപ്രകാശത്തിന്റെ ശോഭമാത്രം. മായയുടെ മൂടുപടം തുറന്ന് കായാമ്പൂവർണ്ണന്റെ ദിവ്യോത്‌സവം കാണുകയാണ് ഞാൻ. എന്നാണ് നാണുഭക്തൻ മൊഴിഞ്ഞത്.
ആയിടയ്ക്ക് ഒപ്പം താമസിച്ചിരുന്ന ഒരു മുതിർന്ന സതീർത്ഥ്യനോട് നാണുഭക്തൻ പറഞ്ഞു. ഈ സംസാരസമുദ്രത്തിൽ മുങ്ങി രത്‌നവും പവിഴവും വാരി ലോകത്തിനു സമ്മാനിക്കാൻ തനിക്കൊരു ഓട്ടുമൊന്തവേണമെന്ന്. അദ്ദേഹത്തിന് നാണുഭക്തന്റെ ഉദ്ദേശ്യം മനസിലായില്ല. ഓട്ടുമൊന്ത അക്കാലം ദളിതർക്ക് ഭക്ഷണം കൊടുക്കാൻ ഉപയോഗിച്ചിരുന്നതാണ്. സംസാരസുമുദ്രത്തിന്റെ അടിത്തട്ടെന്നാൽ ദൈവസന്നദ്ധിയാണെന്ന് ദൈവദശകത്തിൽ ഗുരു വെളിപ്പെടുത്തുന്നുണ്ട്. സംസാരസമുദ്രത്തെ താങ്ങുന്ന കരയാണ് ദൈവം എന്ന്. അവിടെ ആഴ്ന്നിറങ്ങി ജീവിതാവബോധം നേടി കിട്ടുന്ന അറിവ് അടിസ്ഥാനപരമായി  അറിവു നിഷേധിക്കപ്പെട്ട ദൈവമക്കളുടെ ഹിതത്തിനായി വിനിയോഗിക്കും എന്നാണ് നാണുഭക്തൻ പ്രഖ്യാപിച്ചത്.
പഠനം ഗുരുസന്നിധിയിൽ തുടരേണ്ട ആവശ്യമില്ല. സിലബസ് മുഴുവൻ പഠിക്കാൻ നിന്നാൽ ഇനിയും ഒരുപാട് കാലം വെറുതേ കളയേണ്ടിവരും. പഠനം മുഴുമിപ്പിക്കാതെ പോന്നാൽ അത് ഗുരുവിന് അഹിതമാകും. അതിനാൽ ഒരു രക്താതിസാരത്തിന് ശരീരത്തെ വിട്ടുകൊടുത്തു. അസുഖം മൂലം അവശനായി മടങ്ങിപ്പോന്നാൽ ഗുരുവിന്റെ നീരസം പരിഹരിക്കാം. അങ്ങനെ സംഭവിച്ചു.

വിവാഹം

നാട്ടിലെത്തിയപ്പോൾ വിവാഹക്കുരുക്കിൽ പെടുത്തി സംസാരസമുദ്രത്തിൽ താഴ്ത്താൻ ഉറ്റവർ ശ്രമം തുടങ്ങി. ബന്ധത്തിൽത്തന്നെയുള്ള പെൺകുട്ടിയാണ്. ആ സമയം അവധൂതവൃത്തിയിൽ ഏർപ്പെട്ട് ലോകരുടെ നിത്യദുഃഖം നേരിട്ട് കണ്ടറിയാൻ നടക്കുകയായിരുന്നു നാണുഭക്തൻ. വിവാഹത്തിന് അതിനാൽ വരനെത്തിയില്ല. സഹോദരി പെൺകുട്ടിക്ക് താലികെട്ടി. കുറേദിവസങ്ങൾക്ക് ശേഷം വരൻ വീട്ടിലെത്തി. ഭാര്യയായി വന്ന പെൺകുട്ടിയെ അടുത്തു വിളിച്ചു. ‘എല്ലാവരും ഓരോ നിയോഗവുമായിട്ടാണ് ജനിക്കുന്നത്. നമുക്കും ഒരു നിയോഗമുണ്ട്. അത് നിവർത്തിക്കാനായി പോകുന്നു. നിങ്ങളും നിങ്ങളുടെ ജീവിതനിയോഗം കണ്ടെത്തി നിവർത്തിക്കുക.’ അതോടെ ആ ബന്ധം അവസാനിച്ചു.

തപസിലേക്ക്

സമാനമായ അവധൂതവഴിയിൽ അവർ കണ്ടുമുട്ടി. നാണു ഭക്തനും കുഞ്ഞൻപിള്ള ചട്ടമ്പിയും. അവർ ഷൺമുഖോപാസനയിലൂടെ സായൂജ്യത്തിലേക്കുള്ള വഴി ഒരുമിച്ച് തിരയാൻ തീരുമാനിച്ചു. ദക്ഷണിണേന്ത്യയിലാകെ പലവട്ടം ഒരുമിച്ച് സഞ്ചരിച്ചു. തപസ് പൂർത്തിയാക്കാൻ യോഗാഭ്യാസം കൂടി വേണമെന്ന് ചട്ടമ്പി പറഞ്ഞു. അതിനായി ഒരു ഗുരുവിനെ കണ്ടെത്തണം. ഖേജരി മുദ്ര എന്ന ഒരു യോഗം പഠിച്ചാൽ ദീർഘകാലം ആഹാരമില്ലാതെ തപസനുഷ്ഠിക്കാൻ സാധിക്കും എന്നറിഞ്ഞു. അങ്ങനെ അത് ശീലിക്കാൻ  അവർ തൈക്കാട്ട് അയ്യാവ് എന്ന സിദ്ധഗുരുവിന്റെ അടുത്തെത്തി. അവിടെ വച്ച് ചട്ടമ്പി ഷൺമുഖദാസനെന്നും നാണു ഭക്തൻ ഷൺമുഖഭക്തനെന്നും നാമം സ്വീകരിച്ചു. അയ്യാഗുരു നാണു ഭക്തനെ കണ്ടപ്പോൾതന്നെ തിരിച്ചറിഞ്ഞു; ഇത് സ്വയം ഗുരുവായിരിക്കാൻ എത്തിയവൻ! അതിനാൽ മറ്റൊരു ഗുരുസ്ഥാനം അനുവദനീയമല്ല. കുറച്ചുദിവസം ചില യോഗാഭ്യാസങ്ങൾ പരിചയിച്ചു. അതിനുശേഷം അയ്യാവ് ചോദിച്ചു. ‘നീ ഇഹത്തുക്കാഹയാ പരത്തുക്കാഹയാ വേല ചെയ്കിറേ?’
‘പരത്തുക്കാഹെ്’ എന്നുത്തരം. എങ്കിൽ നിനക്ക് സ്വയം വഴിതിരയാം എന്നായി അയ്യാവ്. ഇഹത്തിൽ ജീവിക്കാൻ ഒരുപാട് അഭ്യാസങ്ങൾ ആവശ്യമാണ്. പരലോകത്തിന്റെ രഹസ്യമറിയാൻ അഭ്യാസം വേണ്ട. അതിനുപക്ഷേ, ക്ലിപ്തമായ ഒരു വഴി ആരും കണ്ടെത്തിയിട്ടില്ല. ഉള്ളിൽ തിരഞ്ഞുതേറുകയെന്നത് അപൂർവ സാദ്ധ്യമായ കാര്യമാണ്. ആരും നടക്കാത്തവഴി തന്നെ നടക്കാൻ നാണു തീരുമാനിച്ചു. ആ നടപ്പ് മരുത്വാമലയിൽ എത്തിച്ചു.

മരുത്വാമല

പൗരാണിക കാലം മുതൽക്ക് ഏകാന്തയോഗികളുടെ തപോഭൂമിയാണ് സഹ്യന്റെ ഈ ശിലാമകുടം. കന്യാകുമാരിക്കടുത്ത് ശുചീന്ദ്രം ദേശം. നാഗർകോവിലിൽനിന്ന് കന്യാകുമാരിക്കുള്ള യാത്രാമദ്ധ്യേ പൊറ്റയടി എന്ന സ്ഥലത്തെത്തിയാൽ ഈ വിശുദ്ധ ഭൂമി കാണാം. ഐതിഹ്യങ്ങളിൽ  രാമരാവണ യുദ്ധകാലത്ത് വിഷബാണമേറ്റുവീണുപോയ ലക്ഷ്മണകുമാരനെ ജീവിപ്പിക്കാൻ ഹിമവൽസാനുവിൽനിന്ന് ഹനുമാൻ ഉയർത്തിക്കൊണ്ടുവന്ന മരുന്നുമലയുടെ ഒരു ഭാഗം അടർന്നുവീണ ഇടമാണെന്ന് രേഖപ്പെടുത്തുന്നു. കഥകളും കടങ്കഥകളും കെട്ടുകഥകളും മാത്രം വെളിപ്പെടുത്തി സത്യത്തെ നിഗൂഢമാക്കിവയ്ക്കാൻ പ്രത്യേക കഴിവുണ്ട് ഈ പർവത ശ്രേഷ്ഠന്. അതിനാലാണ് അത്യന്തം രഹസ്യമായ സത്യവസ്തുവിനെത്തേടി ഏകാന്തയോഗികൾ ഈ ശിലാതല്പത്തിലെത്തുന്നത്.  ഭൗമശാസ്ത്രപരമായി നോക്കിയാൽ ഭൂമദ്ധ്യരേഖാ പ്രദേശമാണ് മരുത്വാമലയെന്ന് കാണാം.
കുഞ്ഞൻപിള്ള ചട്ടമ്പിക്കൊപ്പമാണ് നാണുഭക്തൻ മരുത്വാമല കയറിയത്. മുകളിൽ പിള്ളത്തടം എന്ന ഗുഹയിൽ തപസുതുടങ്ങി. കുറച്ചു ദിവസം ഒപ്പം തങ്ങിയിട്ട് കുഞ്ഞൻപിള്ള ചട്ടമ്പി മടങ്ങി. നാണുഭക്തൻ സത്യം വെളിപ്പെടും വരെ തപസുചെയ്തു. ആറുവർഷം നീണ്ടു അതിഘോരമായ തപസ്. ഒരു പുലിയും പാമ്പുമായിരുന്നു കാവൽ. കട്ടുക്കൊടി എന്ന ഇല പറിച്ച് നീരുപിഴിഞ്ഞുവച്ചാൽ കുറച്ചുകഴിയുമ്പോൾ അപ്പംപോലെയാകും. അതായിരുന്നു ഭക്ഷണം. ഒടുവിൽ ആനന്ദക്കടൽ പൊങ്ങിവരുംപോലെ ഒരു കോടിദിവാകരപ്രഭപോലെ ലോകത്തെ ഒന്നിപ്പിക്കുന്ന സത്യം ബോധത്തിൽ ഉദിച്ചു. ഇവിടെ ദൈവമല്ലാതെ മറ്റൊന്നില്ല എന്നതായിരുന്നു ആ സത്യം. ദൈവം എന്ന ആ ഉൾബോധത്തെ നാണു അറിവെന്നു വിളിച്ചു. ഈ അറിവുദിച്ചാൽ പിന്നെ ഒന്നിനെയും തന്നിൽനിന്ന് അന്യമായി കാണാനാവില്ലെന്ന് തിരിച്ചറിഞ്ഞു. തന്റെ ദേശത്തെ ഭ്രാന്താലയമാക്കുന്ന ജാതി അയിത്തത്തിനും മതകലഹങ്ങൾക്കും മനുഷ്യത്വമില്ലായ്മയ്ക്കും മരുന്നായി ഈ പ്രായോഗിക അദൈ്വതത്തെ പ്രയോഗിക്കാൻ  തീരുമാനിച്ചു. പക്ഷേ, വേദാന്തത്തെ അതിന്റെ ശുദ്ധമായ അവസ്ഥയിൽ ഉപയോഗിച്ചാൽ ആതാരും ഏറ്റുവാങ്ങില്ല. കാരണം അക്ഷരഹീനരാണ് രക്ഷിക്കപ്പെടേണ്ട ജനത. തമോ ഗുണം കൂടിയവരുമാണ്. അതിനാൽ അവർക്കായി ചില തന്ത്രങ്ങൾ വേണ്ടിവരും സത്യബോധത്തിലേക്ക് നയിക്കാൻ. അതെങ്ങനെവേണമെന്ന് ഉള്ളിൽ തെളിയാൻ മരുത്വാമലയിറങ്ങി നടന്നു. അങ്ങനെയാണ് അരുവിപ്പുറത്തെ കൊടിതൂക്കി മലയിൽ എത്തിയത്. ലോക ചരിത്രത്തിൽ മോശയ്ക്ക് സിനായ് ഗുഹപോലെ, മുഹമ്മദ് നബിക്ക് ഹിറാഗുഹപോലെ, ബുദ്ധന് ഗയ പോലെയാണ് ശ്രീനാരായണഗുരുവിന് മരുത്വാമല.

അരുവിപ്പുറം വിപ്ലവം

നെയ്യാറൊഴുകുന്ന അഗസ്ത്യകൂടത്തിന്റെ ഭാഗമാണ് അരുവിപ്പുറം. അവിടെ കൊടിതൂക്കി മലയുടെ മുകളിൽ ഹിംസ്രജന്തുക്കൾക്കിടയിൽ തപസിരുന്നു. പതുക്കെ പതുക്കെ പൊതുലോകത്തിന് വെളിപ്പെട്ടു. അങ്ങനെ ദുഃഖാർത്തരായ ജനങ്ങൾ ആ കാട്ടുപ്രദേശത്ത് ഗുരുവിനെ കണ്ടുവണങ്ങാൻ എത്തിത്തുടങ്ങി. ഒരു ദർശനം കൊണ്ടുപോലും തങ്ങളെ അലട്ടിയിരുന്ന രോഗങ്ങളും ദുരിതങ്ങളും മാറുന്നതറിഞ്ഞ് അവർ അത്ഭുതപ്പെട്ടു. അനുഭവസ്ഥർ പറഞ്ഞ് കാട്ടുതീപോലെ വാർത്തപരന്നു. അങ്ങനെ അവശസമുദായവും അതിലെ ചില പ്രമുഖരും ഗുരുവിനോട് അടുത്തു. നാഥനില്ലാതെ കിടന്ന ഈഴവസമുദായം ഗുരുവിൽ തങ്ങളുടെ രക്ഷകനെ കണ്ടെത്തി.
ആരാധനയിൽ വന്ന പിഴവാണ് ഒരുകൂട്ടർ നിത്യദളിതരായും മറ്റൊരു കൂട്ടർ ഭൂസ്വത്തും  ആഭിജാത്യവുമുള്ള സവർണരായും കിടക്കുന്നതെന്ന് ഗുരു അനുഭവിച്ചറിഞ്ഞു. ഇരുകൂട്ടരും തമ്മിലുള്ള അന്തരം ഇല്ലാതാകണമെങ്കിൽ ശുദ്ധമായ ഉപാസനാരീതിയുണ്ടാവണം. സവർണക്ഷേത്രങ്ങളിൽ അവർണർക്ക് പ്രവേശനം നിഷിധമാണ്. എങ്കിൽ അതിനേക്കാൾ ശുദ്ധിപാലിക്കുന്ന മന്ത്രതന്ത്രാദികളുടെ ആധിക്യത്തിൽനിന്ന് മോചിതമായ ഒരു ക്ഷേത്രസംസ്‌കാരം ഉണ്ടാകണമെന്ന് ഗുരു നിനച്ചു. അതിന് തുടക്കമിടാൻ അരുവിപ്പുറം എന്ന കാട്ടുപ്രദേശം തന്നെ തിരഞ്ഞെടുത്തു.
സ്ഥാപിതമായ ക്ഷേത്രനിർമ്മാണ പ്രതിഷ്ഠാരീതികളെ അടിമുടി മാറ്റിക്കൊണ്ടായിരുന്നു 1888ശിവരാത്രിനാളിൽ ഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠനടത്തിയത്. രാത്രി നെയ്യാറിലെ ശങ്കരൻകുഴിയിൽ കുത്തിയൊഴുകുന്ന  ആറ്റിലേക്ക് ഇറങ്ങിയ ഗുരു കുറേ മണിക്കൂറുകൾ കഴിഞ്ഞിട്ടും പൊങ്ങിവരുന്നില്ല. സ്വാമി പൊങ്ങിവരാൻ താമസിക്കുന്നതനുസരിച്ച് ഭക്തഹൃദയത്തിൽ ഭയത്തിന്റെ ഇരുട്ടും വ്യാപിച്ചു തുടങ്ങി. രാത്രിയുടെ അന്ത്യയാമത്തിൽ കിഴക്കൻസമുദ്രം ഭേദിച്ച് ഉയർന്നുവരുന്ന ബാലാർക്കനെപ്പോലെ ഗുരു ജലോപരിതലത്തിൽ ഉയർന്നുവരുന്നു. അവിടുത്തെ തൃക്കയ്യിൽ ശിവലിംഗത്തോട് സാമ്യമുള്ള നീണ്ടുരുണ്ട കറുത്തശില.
ചെറിയതോതിൽ കുരുത്തോലകൾ തൂക്കി അലങ്കരിച്ച ഒരു തുറസായ ശിലാപീഠത്തിനുമുന്നിൽ നിന്നാണ് കൈയിലിരിക്കുന്ന ശിലയിലേക്ക് ഭഗവാൻ കണ്ണീർവാർത്തത്. ശിലയെ ശില സ്വീകരിച്ച് ഒന്നായ ആ ബ്രാഹ്മമുഹൂർത്തത്തിൽ ഭൂമി അതിന്റെ ഉൾച്ചൂട് അടങ്ങി ഒന്നു തണുത്തു. ഇനി എന്റെ മക്കൾ ദൈവത്തിന്റെ പേരിൽ തമ്മിൽത്തല്ലില്ല എന്ന ഒരമ്മമനസിന്റെ ആശ്വാസം ഭഗവാൻ ആ തണുപ്പിൽനിന്ന് വായിച്ചെടുത്തു. ഇരുട്ടുമുറ്റിയ ആ ശിവരാത്രി വർണാന്ധതമുറ്റിയ ലോകത്തെ പ്രതീകവത്കരിക്കുന്നു. കലങ്ങിയൊഴുകുന്ന നെയ്യാർ  സത്യബോധം നഷ്ടപ്പെട്ട് സംസാരച്ചുഴിയിൽ പെട്ടുപോയ ജനതയുടെ പ്രതീകമാണ്. ജലത്തിനടിയിലെ ചെളിത്തട്ടിലേക്കാണ് ഗുരു പോയത്. അഗസ്ത്യന്റെ ശിഖരത്തിൽനിന്ന് നെയ്യാറിൽവീണ് അനുഭവങ്ങളുടെ പരുക്കൻയാഥാർത്ഥ്യങ്ങളിൽ പരുവപ്പെടുന്നവനെപ്പോലെ ഉരുണ്ടുരഞ്ഞ് മിനുസമുള്ള പ്രതലത്തിന് ഉടമയായിത്തീർന്ന കറുത്തശിലയെ ഉയർത്തിയെടുക്കുന്നു. ചെളിയിൽക്കിടക്കുന്നത് മനുഷ്യരിലെ അടിസ്ഥാനവർഗമാണ്. അവൻ ചെളിയിൽ രാപകലില്ലാതെ പുളയ്ക്കുമ്പോഴാണ് തമ്പുരാക്കന്മാർക്ക് തൂശനിലയിട്ട് വിളമ്പാൻ തുമ്പപ്പൂച്ചോറ് ലഭിക്കുന്നത്. അതുണ്ട് വയറുനിറച്ചിട്ട് അവർ തങ്ങൾക്കുവേണ്ടി ചെളിയിൽ പുളയ്ക്കുന്ന അടിസ്ഥാനമനുഷ്യനെ ചെളിയുടെ ആഴങ്ങളിലേക്ക് ചവിട്ടിത്താഴ്ത്തുന്നു. എന്നിട്ട് നല്ല തച്ചുവിദഗ്ധൻമാരെക്കൊണ്ട് ശിലകൊത്തിയൊരുക്കി ദേവവിഗ്രഹങ്ങളുണ്ടാക്കി അമ്പലവും ചുറ്റമ്പലവും ബലിക്കൽപ്പുരയും തിടപ്പള്ളിയും കടന്ന് ശ്രീകോവിലുണ്ടാക്കി അതിന്റെ ഗർഭഗൃഹത്തിൽവച്ച് പൂജിക്കുന്നു. നാടിനും വീടിനും ഗുണം ചെയ്യുന്ന പാവങ്ങളെ അറയ്ക്കുന്നു എന്നു പറഞ്ഞ് അമ്പലത്തിന്റെ തീണ്ടാപ്പാടകലെ നിറുത്തുന്നു. ഇതുകണ്ടുകൊണ്ട് ദൈവം എങ്ങനെ ശ്രീകോവിലിൽ ഇരിക്കും. ദൈവം അവിടെനിന്ന് ഇറങ്ങിവന്ന് തമ്പുരാൻ ചവിട്ടിത്താഴ്ത്തിയ അടിസ്ഥാനമനുഷ്യനെ വെള്ളക്കെട്ടിനടിയിൽനിന്ന് ഉയർത്തിയെടുത്ത് മാപ്പുപറഞ്ഞുകൊണ്ട് കണ്ണീർവാർക്കുന്നു. എന്നിട്ട് തനിക്കുപകരം അവനെ ദൈവമായി വാഴിക്കുന്നു. എന്തുവലിയ വിപ്ലവമാണിത്!റഷ്യൻ വിപ്ലവവും ചൈനീസ് വിപ്ലവവുംപോലെ മനുഷ്യന്റെ ചോരയെടുത്തുകൊണ്ടുള്ള അടരാട്ടമല്ല അരുവിപ്പുറം വിപ്ലവം. അത് രക്തരഹിതമായ ആശയത്തിന്റെയും ഭൗതികതയുടെയും സമന്വയം കണ്ട വിശുദ്ധവിപ്ലവമാണ്.
നിങ്ങൾ ചവിട്ടിത്താഴ്ത്തിയ വിഭാഗത്തെ ഞാൻ ജീവൻകൊടുത്തും ഉയർത്തിക്കൊണ്ടുവരും. അവനെ ഈ ലോകത്തിന്റെ ദൈവമാക്കും എന്നല്ലേ ആ പ്രതിഷ്ഠയുടെ സന്ദേശം? അതാണ് ഗുരു നല്ല വാക്കിൽ പകർത്തിയത്: ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്.
മനുഷ്യൻ ഒരു ജാതിയാണ്. മനുഷ്യത്വമാണ് അവന്റെ ജാതി. അവന്  മതം ആവാം. മതം എന്നാൽ സ്വന്തമായ അഭിപ്രായമാണ്. ഏതുവിഷയത്തെക്കുറിച്ചും പഠിക്കാനും അറിയാനും മനനം ചെയ്ത് സ്വന്തമായി അഭിപ്രായമുണ്ടാക്കാനും ആർക്കും സാധിക്കണം. പക്ഷേ, അതിന്റെ പേരിൽ പരസ്പരം ദ്വേഷമുണ്ടാവാൻ പാടില്ല. ദ്വേഷം അസഹിഷ്ണുതയുടെ ലക്ഷണമാണ്. താനാണ് ശരിയെന്ന തോന്നലിൽനിന്നാണ് അതുണ്ടാവുന്നത്. തന്റെ അഭിപ്രായത്തിന് എതിരുപറയുന്നവരെക്കെ വധിക്കപ്പെടേണ്ടത് എന്നു ചിന്തിക്കുമ്പോഴാണ് മതദ്വേഷം മതകലഹത്തിന് ഇടയാക്കുന്നത്. ഒരാളെ നമുക്ക് എത്രകാലം വേണമെങ്കിലും അടിമയാക്കിവയ്ക്കാം. പക്ഷേ, അവന്റെ തലച്ചോറിനെയും ഹൃദയത്തെയും അടിമയാക്കാൻ സാധിക്കില്ല. അതുകൊണ്ട് അഭിപ്രായങ്ങളുടെ പേരിൽ കലഹിച്ചാൽ സർവനാശമല്ലാതെ മറ്റൊന്നും ഉണ്ടാവില്ല.

ക്ഷേത്ര പ്രതിഷ്ഠകൾ

ഓരോ പ്രതിഷ്ഠയും മാനവരാശിക്ക്  ഓരോ പുതിയ പാഠങ്ങൾ ആയിരുന്നു. ശുദ്ധബോധത്തിലേക്ക്, ശുദ്ധസങ്കല്പത്തിലേക്ക്, സംഘടനാബോധത്തിലൂടെ പരസ്പരം സഹകരിച്ച് ഒന്നുചേർന്ന് പ്രയാണം ചെയ്യുന്ന വിശുദ്ധ ചിന്തയായിരുന്നു അത്. മൃഗബലിയും കള്ളും മാംസവും മീനും വച്ചുള്ള പൂജാവിധികളും അവയേറ്റുവാങ്ങുന്ന പ്രാകൃതദൈവങ്ങളും ജനതയെ നിത്യമായ ബൗദ്ധിക അടിമത്തത്തിലാക്കിയിരുന്നു അക്കാലം. അവയെല്ലാം നീക്കി, ഭക്തിയിലൂടെ അനുകമ്പ എന്ന തലത്തിലേക്കാണ് ഗുരു ജനതയെ നയിച്ചത്. മൃഗബലി പ്രിയയായ മണ്ണന്തലയിലെ ഭദ്രകാളിയെ ഭക്തരിൽ സത്യബോധമുണർത്തി പരമപദത്തിലേക്ക് നയിക്കുന്ന വിശ്വമായയാക്കി പരിവർത്തനം ചെയ്തുകൊണ്ടായിരുന്നു രണ്ടാം പ്രതിഷ്ഠ. തന്റെ ഈ പരിവർത്തനം പിൽക്കാലത്ത് ആരും മാറ്റിക്കളയാതിരിക്കാൻ ദേവീ സങ്കല്പം എന്താണെന്ന് വ്യക്തമാക്കിക്കൊണ്ട് മണ്ണന്തലദേവീസ്തവം എന്ന കൃതിയും രചിച്ചു. ദേവീ ആരാധനയിൽ നിന്ന് സാത്വികമായ ശിവഭക്തിയിലേക്ക് ജനങ്ങളെ കൊണ്ടുവരാനാണ് ഇതേപോലെ മൃഗബലി നടത്തിയിരുന്ന കോലത്തുകരയിൽ ഭദ്രകാളിയെ മാറ്റി ശിവനെ പ്രതിഷ്ഠിച്ചത്. ആ പ്രതിഷ്ഠാ സന്ദേശം കാലത്തിൽ അടിയുറയ്ക്കാനായി കോലതിരേശസ്തവവും എഴുതിവച്ചു. മുരുക്കും പുഴയിൽ സത്യം, ധർമ്മം, ദയ, ശാന്തി എന്നീ സത്ഗുണങ്ങളെ ആരാധിക്കാൻ പറഞ്ഞ് ഇവ ലിഖിതപ്പെടുത്തിയ ഫലകം പ്രതിഷ്ഠിച്ചു. കാരമുക്കിൽ വെളിച്ചം പ്രതിഷ്ഠിച്ചു. ഒടുവിൽ കളവംകോടത്തും ഓംകാരേശ്വരത്തും കണ്ണാടിയിൽ ഓംകാരം പ്രതിഷ്ഠിച്ചു. നാല്പതു ക്ഷേത്രങ്ങളിലാണ് ഗുരു പ്രതിഷ്ഠനടത്തിയത്. കന്യാകുമാരി മുതൽ ഗോകർണ്ണം വരെ വ്യപിച്ചുകിടക്കുന്നു ആ ക്ഷേത്ര സംസ്ഥാപനം.

കൃതികൾ

ഗുരുവിന്റെ കൃതികളെ സ്‌തോത്രകൃതികളെന്നും ദാർശനിക കൃതികളെന്നും രണ്ടായി തിരിച്ചിട്ടുണ്ടെങ്കിലും രണ്ടിനങ്ങളുടെയും അന്തർധാര ഗുരുവിന്റെ സത്യദർശനം തന്നെയെന്ന് പഠിതാവിന് ബോദ്ധ്യമാകും. ദൈവത്തെ നിർവചിക്കുന്ന, ദൈവഭക്തിയുടെ മാമൂലുകളെ നീക്കം ചെയ്ത് സ്ഫുടമാക്കുന്ന ദൈവദശകം, ആത്മബോധത്തെ ഉള്ളിൽ ഊട്ടിയുറപ്പിക്കുന്ന ആത്‌മോപദേശശതകം, അദൈ്വതദീപിക, ദർശനമാല, അറിവ്, ഈശാവസ്യം പരിഭാഷ എന്നിങ്ങനെ സാഹിത്യവും ഭാഷാസൗന്ദര്യവും ചേർത്തുവച്ച തനി വേദാന്തശുദ്ധിയാണ് ഗുരു കൃതികൾ. അറുപത്തിയെട്ട് കൃതികളാണ് ഗുരുവിന്റേതായി കണ്ടെത്തിയിട്ടുള്ളത്.

സംഘടന

സത്യദർശനത്തിന്റെ പ്രായോഗികതയെ ജനനന്മയ്ക്കുവേണ്ടി വിനിയോഗിക്കുക. അതിനായി സംഘടന ഉണ്ടാക്കുക. അത് ജനങ്ങളെ വിഭാഗീയതയുടെ മറകളില്ലാതാക്കി ഒന്നിപ്പിക്കും എന്നതായിരുന്നു ഗുരുവിന്റെ സംഘടനാ സന്ദേശം.
അരുവിപ്പുറം ക്ഷേത്രയോഗം, വാവൂട്ടുയോഗം എന്നിവ സംഘടനാ സംവിധാനത്തിന്റെ അടിസ്ഥാന രൂപങ്ങളായിരുന്നു. അടുത്ത പടിയാണ് 1903ൽ രൂപം കൊടുത്ത ശ്രീനാരായണധർമ്മപരിപാലന യോഗം. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി കിടന്ന കേരളത്തെ ഒന്നാക്കി ചിന്തിച്ചുകൊണ്ടാണ് എസ്. എൻ.ഡി.പി യോഗം പ്രവർത്തിച്ചു തുടങ്ങിയത്. സാംസ്‌കാരികവും സാമൂഹികവും സാമുദായികവും രാഷ്ട്രീയവുമായി ഇടപെടാൻ അക്കാലം ഈ സംഘടനമാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാലാണ് ഇന്ത്യയിലെ നവോത്ഥാന പ്രസ്ഥാനങ്ങളെയെല്ലാം വലിച്ചു കൊണ്ടു മുമ്പേ സഞ്ചരിച്ച തീവണ്ടി എൻജിനാണ് എസ്. എൻ. ഡി. പി യോഗമെന്ന് കുറ്റിപ്പുഴ കൃഷ്ണപിള്ള പറഞ്ഞത്. അതു ശരിയായിരുന്നു ഈ തീവണ്ടി എൻജിനു പിന്നാലെ വിവിധ സമുദായങ്ങളുടെ സംഘടിത ശക്തി ഉണർന്നു. അവർ ഒന്നിച്ചുയർത്തിയ സമരകാഹളമാണ് കേരള നവോത്ഥാനം. സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങൾ ഒരു പരിധിയിലേറെ മുന്നേറിയപ്പോൾ ഗുരു തന്റെ അടുത്ത ഘട്ടത്തിന് തുടക്കമിട്ടു. സാമൂഹ്യപസ്ഥാനങ്ങളിൽ ഭൂരിഭാഗവും ഗൃഹസ്ഥരാണ്. എത്രയൊക്കെ നിസ്വാർത്ഥരായാലും കുടുംബം കുട്ടികൾ എന്ന സ്വാർത്ഥത അവരിൽ അവശേഷിക്കും. അത് പൂർണമായ കർമ്മകാണ്ഡമാവില്ല. അതിനാൽ സംന്യാസികൾ വേണം അവരെ ആത്മീയമായി നയിക്കാൻ. ഗൃഹസ്ഥർക്കുണ്ടാകാവുന്ന മൂല്യച്യുതിയെ പരിഹരിച്ച് അവരെ ധർമ്മമാർഗത്തിൽ നിലനിറുത്താനാണ് ഗുരു സംന്യാസിമാരുടെ ധർമ്മസംഘം രൂപീകരിച്ചത്. 1928 ലായിരുന്നു അത്.

ശിഷ്യഗണങ്ങൾ

അരുവിപ്പുറത്ത് കൊടിതൂക്കി മലയിൽ ഏകാന്ത തപസ് അനുഷ്ഠിക്കുന്ന കാലത്താണ് മാരായമുട്ടം സ്വദേശിയായ അയ്യപ്പൻ പിള്ള ഗുരുവിന്റെ സഹായിയും തുടർന്ന് പ്രഥമ ശിഷ്യനുമാകുന്നത്. ശിവലിംഗദാസൻ എന്നായിരുന്നു ഗുരു അദ്ദേഹത്തിനു നൽകിയ സംന്യാസനാമം. ഭാരതത്തിൽ സംന്യാസനാമത്തിൽ ആനന്ദമാർഗം നിലനില്ക്കുന്ന കാലത്താണ്. ഒരു സംന്യാസിക്ക് ദീക്ഷാനാമമായി ശിവലിംഗദാസൻ എന്ന് നാമകരണം ചെയ്യുന്നത്. ഗുരുവിന്റെ സംന്യാസി ശിഷ്യ സംഘത്തിൽ പിന്നീടും ആനന്ദ എന്നുചേർത്ത നാമങ്ങൾ ഉണ്ടായിട്ടുണ്ട്.  എന്നിരുന്നാലും ആദ്യശിഷ്യനെ പരമ്പരാഗത മാർഗത്തിൽനിന്ന് മാറ്റി പ്രതിഷ്ഠിച്ചുകൊണ്ട് ഗുരുദേവൻ സംന്യാസമാർഗത്തിനും കാലോചിതമായ മാറ്റങ്ങൾ വരുത്തി. സംന്യാസം നൽകിയതിനുശേഷമാണ് ശിഷ്യനെ തർക്കവും വ്യാകരണവും ഒക്കെ പഠിക്കാനയച്ചത്. കർമ്മശേഷി വർദ്ധിപ്പിച്ച് സംന്യാസിയെ സമൂഹനിർമ്മിതിക്ക് പരുവപ്പെടുത്തുക എന്നതായിരുന്നു ഗുരുവിന്റെ നിശ്ചയം. സംന്യാസിയാകുമ്പോൾ നിസ്വാർത്ഥമായി അർപ്പണ മനോഭാവത്തോടെ കർമ്മം ചെയ്യും.
തുടർന്ന് അരുവിപ്പുറത്ത് ആശ്രമം സ്ഥാപിച്ച് പ്രവർത്തിച്ചു തുടങ്ങിയ കാലത്താണ് ഗുരുവിന്റെ രണ്ടാം ശിഷ്യനായി കുമാരനാശാൻ എത്തുന്നത്. ഗുരു കണ്ടെത്തുമ്പോൾ കുമാരൻ കൗമാരപ്രായം വിട്ടിരുന്നില്ല. കോലത്തുകരയിൽ വച്ച് ഗുരു നൽകിയ ഒരു സമസ്യാപൂരണത്തിലൂടെയാണ് കുമാരൻ ശ്രദ്ധാകേന്ദ്രമായത്. അതിനുശേഷം കായിക്കരയിലെ വീട്ടിൽ കുമാരൻ ജ്വരം ബാധിച്ചു കിടന്നപ്പോൾ ഗുരു സന്ദർശിച്ചു. നമുക്കൊപ്പം പോരാമോ എന്നു ചോദിച്ചു. കുമാരൻ സമ്മതിച്ചു. കുമാരനെയും ഉപരിവിദ്യാഭ്യാസത്തിന് അയച്ചു. അതിന്റെ ചെലവുകളെല്ലാം വഹിച്ചത് ഗുരുവിൽ ആശ്രയിച്ച് സാമൂഹ്യസംഘടന കെട്ടിപ്പടുക്കാൻ ശ്രമിച്ച ഡോ. പല്പുവായിരുന്നു. നല്ല ചെറുപ്പക്കാരെ കണ്ടെത്തി വിദ്യാഭ്യാസം നൽകി സമൂഹസേവനത്തിൽ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. കുമാരൻ ആശാൻ സംന്യാസം സ്വീകരിക്കുമെന്ന് എല്ലാവരും കരുതി. പക്ഷേ,  ആശാൻ അവസാനകാലം വരെ ഗുരുവിന്റെ ഗൃഹസ്ഥ ശിഷ്യനായി തുടർന്നു. സഹോദരൻ അയ്യപ്പൻ, ടി. കെ. മാധവൻ, സി. വി. കുഞ്ഞുരാമൻ, കോട്ടുക്കോയിക്കൽ വേലായുധൻ, മൂർക്കോത്തു കുമാരൻ, മൂലൂർ എസ്. പത്മനാഭ പണിക്കർ, പരവൂർ കേശവനാശാൻ, സി. കൃഷ്ണൻ, വരതൂർ കാണിയിൽ കുഞ്ഞിക്കണ്ണൻ, കൊറ്റിയത്ത് രാമുണ്ണിവക്കീൽ, കല്ലിങ്ങൽമഠത്തിൽ രാരിച്ചൻ മൂപ്പൻ,കോട്ടായി കുമാരൻ, സി. ആർ. കേശവൻ വൈദ്യർ, വല്ലഭശേരി ഗോവിന്ദൻ വൈദ്യർ, കിട്ടൻ റൈറ്റർ എന്നിങ്ങനെ ഗൃഹസ്ഥ ശിഷ്യരുടെ ഒരു പരമ്പരതന്നെ ഉണ്ടായിരുന്നു ഗുരുവിന്.
സംന്യാസി ശിഷ്യന്മാരിൽ സ്വയം സർമപ്പണംകൊണ്ട് ഗുരുവിൽ ആത്മാവിനെ ലയിപ്പിച്ച സ്വാമി ബോധാനന്ദൻ ആണ് ഗുരുവിന്റെ പിൻഗാമിയായി വാഴിക്കപ്പെട്ടത്. സത്യവ്രതസ്വാമികൾ, സ്വാമി ജോൺ ധർമ്മതീർത്ഥർ, ഭൈരവൻ ശാന്തി, ചൈതന്യസ്വാമികൾ, സ്വാമി ഏണസ്റ്റ് കർക്ക്, ആത്മാനന്ദസ്വാമി, നടരാജഗുരു, ഗോവിന്ദാനന്ദസ്വാമികൾ, സ്വാമി ഗുരുപ്രസാദ്, ആനന്ദതീർത്ഥ സ്വാമികൾ, വി. പി. നീലകണ്ഠൻ ശാന്തി, മലയാളസ്വാമികൾ, നിശ്ചലദാസ് സ്വാമികൾ, മാധവാനന്ദ സ്വാമികൾ, രാമസ്വാമികൾ, സേലം ശാന്തലിംഗസ്വാമികൾ, തിരുപ്രംകുണ്ഡ്രം ശാന്തലിംഗസ്വാമികൾ, ഹനുമാൻഗിരി സ്വാമികൾ, സുഗുണാനന്ദഗിരി സ്വാമികൾ, മാമ്പലം വിദ്യാനന്ദസ്വാമികൾ, നരസിംഹസ്വാമികൾ, പണ്ഡിത ജഗദീശ്വരാനന്ദ സ്വാമികൾ, പെരിങ്ങോട്ടുകര വിദ്യാനന്ദസ്വാമികൾ, ശങ്കരാനന്ദസ്വാമികൾ, രാമാനന്ദസ്വാമികൾ, കുമാരാനന്ദസ്വാമികൾ, അച്യുതാനന്ദ സ്വാമികൾ, സ്വാമി ശ്രീനാരായണ തീർത്ഥർ എന്നിങ്ങനെ ഒട്ടേറെ സംന്യാസി ശിഷ്യരും ഗുരുവിനുണ്ടായിരുന്നു.

ശിവഗിരി

ശിവഗിരി എന്ന നാമം മംഗളകരമായ ഉയർന്നപ്രദേശം എന്ന അർത്ഥം നൽകുന്നു. ശിവന്റെ വാസസ്ഥലമായ കൈലാസം എന്നും അർത്ഥം കല്പിക്കാം. ശിവം എന്നാൽ മംഗളം ആണ്. ശിവൻ മംഗളമൂർത്തിയും. ഹിമവാന്റെ തപോഭൂമിയിലേക്ക് സംന്യസിക്കാൻ പോകുന്ന ഭാരതീയ പാരമ്പര്യത്തെ മരുത്വാമല എന്ന തപോഭൂമികൊണ്ട് പകരംവച്ച ഗുരു കൈലാസത്തിന് ശിവഗിരികൊണ്ട് സമാനത തീർക്കുകയായിരുന്നു. നിലവിലുള്ള വിശ്വാസബിംബങ്ങളെ പാടേ അവഗണിക്കുകയും തച്ചുടയ്ക്കുകയുമായിരുന്നില്ല ഗുരുവിന്റെ രീതി. വിശ്വാസബിംബങ്ങളുടെ സത്തയെ ഉൾക്കൊണ്ടുകൊണ്ട് കൂടഉതൽ പ്രായോഗികവും ശുദ്ധവുമായ സമ്പ്രദായം നടപ്പാക്കുക എന്നതായിരുന്നു. അതിനാലാണ് ആധുനികലോകത്തിന്റെ ദൈവമായി ഗുരുവിനെ ലോകം ആരാധിക്കുന്നത്.
എസ്. എൻ. ഡി. പി യോഗം രൂപീകരിച്ചതിന്റെ പിറ്റേവർഷമാണ് ഗുരു വർക്കലയിൽ എത്തുന്നത്. ദക്ഷിണകാശി എന്ന് പുകൾപെറ്റസ്ഥലമായിരുന്നു വർക്കല. പാപനാശം കടലും ജനാർദ്ദനസ്വാമിക്ഷേത്രവും പിതൃമോക്ഷകരമായി നിലകൊണ്ടു. എന്നാൽ സവർണർ എന്ന് അഭിമാനിച്ചിരുന്ന ജനവിഭാഗം കൈയടക്കി വച്ചിരുന്ന ആ ക്ഷേത്രവും പിതൃതർപ്പണ കടൽത്തീരവും അവർണലക്ഷങ്ങളെ വിശ്വാസത്തിന്റെ പേരുപറഞ്ഞ് പണം തട്ടാനും അവരെ ക്ഷേത്രപരിസരത്തുപോലും അടുപ്പിക്കാതിരിക്കാനുമുള്ള ഇടങ്ങളിൽ ഒന്നായിരുന്നു. അതിനെതിരെ എന്തെങ്കിലും ചെയ്യണം എന്നായിരുന്നില്ല ഗുരുവിന്റെ രീതി. അതിനേക്കാൾ നല്ല വിശുദ്ധമായ ഒരു ആദ്ധ്യാത്മിക കേന്ദ്രം ഉണ്ടാക്കണം എന്നതായിരുന്നു. അതിനായി തിരഞ്ഞെടുത്ത കുന്നിൻപ്രദേശമാണ് ശിവഗിരി. അവിടെ ആശ്രമം കെട്ടി. ഭക്തർ വന്നു തുടങ്ങിയപ്പോൾ ഒരു കർക്കടകവാവുബലിക്ക് പിതൃകർമ്മം അറിയാവുന്നവരെ വിളിച്ച് പിതൃബലി നടത്തുകയാണ് ലദ്യം ചെയ്തത്. വർക്കല പാപനാശത്തിന്റെ ബലിക്കുത്തകയ്ക്ക് അങ്ങനെ ഇടിവുതട്ടി. പിതൃബലി അവർണസമൂഹം അന്നും ഇന്നും ഏറെ വിശ്വാസപൂർവം ചെയ്യുന്നതാണ്. അതിലൂടെ അവരെ ആകർഷിക്കാനും വിശ്വാസത്തിന്റെ നേർവഴി സാവധാനം കാട്ടിക്കൊടുക്കാനുമായിരുന്നു ശ്രമം.
പിന്നീട് ഇവിടെയൊരു ശിവക്ഷേത്രം പണിതു. വർഷങ്ങൾക്കുശേഷം അത് തീപിടിച്ചുപോയപ്പോൾ ഗുരു മൊഴിഞ്ഞു. ശിവനങ്ങും നാമിങ്ങും എന്ന്. ശിവൻ ഇനി അങ്ങേലോകത്താണ് നാം ഇങ്ങേലോകത്തെ കാര്യങ്ങൾ ചെയ്യുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്ന് സാരം.
വിദ്യകൊണ്ട് ബുദ്ധിയെ സ്വതന്ത്രമാക്കി എല്ലാറ്റിനെയും വിവേകത്തോടെ വിശകലനം ചെയ്ത് ജീവിക്കുക എന്ന ലക്ഷ്യബോധം ഉണ്ടാക്കാനായി 1912 ൽ ഗുരുദേവൻ വിദ്യയുടെ അധിദേവതയായ ശ്രീശാരദയെ പ്രതിഷ്ഠിച്ചു. ബുദ്ധവിഹാരംപോലെ ഒരു മഠം ആണുണ്ടാക്കിയത്. അതായത് ദേവീ ഉപാസനയിൽ കലർന്നിരുന്ന ഹിംസാത്മകമായ കുരുതിയും ബലിയും ഇല്ലാത്ത അഹിംസാത്മകമായ ഇടം എന്ന് ദ്യോതിപ്പിക്കുക. അഭിഷേകവും നിവേദ്യവും വേണ്ട, ശാരദയ്ക്ക് പൂവും വെള്ളവും മതി എന്നു മൊഴിഞ്ഞു. പൂവ് എന്നത് കർമ്മഫലമാണ്. മനസിന് സുഗന്ധവും സൗന്ദര്യവുമുണ്ടായാൽ കർമ്മത്തിൽ അത് പ്രതിഫലിക്കും. അപ്പോൾ കർമ്മഫലവും പുഷ്പസമാനമാകും. അത് വിദ്യയുപദേശിച്ച ദേവിക്ക് സമർപ്പിച്ച് അഹന്തയെ വെടിയുക. വെള്ളം എന്നത് താണനിലത്തേക്ക് ഒഴുകുന്നതും ജീവനെ നിലനിറുത്തുന്നതുമാണ്. തന്നേക്കാൾ താണവരിലേക്ക് അനുകമ്പയും കരുണയുമായി ഒഴുകിയെത്താനുള്ള മനസാണ് ആരാധനകൊണ്ട് നേടേണ്ടത്. അത്തരം അനുകമ്പാർദ്രമായ സമീപനമാണ് ജീവനെ നിലനിറുത്തുന്നത്. ശ്രീശാരദ ഇത്തരം ഉപാസനകൾ മാത്രം ഏറ്റുവാങ്ങുന്ന വിദ്യാസ്വരൂപിണിയാണ്. കർമ്മവും ചിന്തയും ശുദ്ധമാക്കി വയ്ക്കുന്നവരോട് അവൾ പ്രസാദിക്കും. അല്ലാത്തവരിൽ പ്രസാദിക്കില്ല.

അദൈ്വതാശ്രമത്തിലേക്ക്

ആലുവയിൽ അദൈ്വതാശ്രമം സ്ഥാപിച്ചുകൊണ്ടാണ് വിഗ്രഹമില്ലാത്ത ആരാധനാസമ്പ്രദായത്തിന് ഭഗവാൻ തുടക്കം കുറിച്ചത്. ആശ്രമത്തിന്റെ പ്രധാന ആകർഷണം സംസ്‌കൃതസ്‌കൂൾ ആയിരുന്നു. സംസ്‌കൃതസ്‌കൂൾ അരുവിപ്പുറത്തും തുടങ്ങിയിരുന്നെങ്കിലും ആലുവ സ്‌കൂളിന് വലിയ ലക്ഷ്യങ്ങൾ ഗുരു കണ്ടിരുന്നു. ആലുവ പെരിയാറിന്റെ തീരഭൂമിയാണ്. ഇവിടെ അടുത്താണ് ഇന്ത്യൻ വേദങ്ങൾക്കും വേദാന്തത്തിനും പുത്തനുണർവുണ്ടാക്കിയ ശ്രശങ്കരൻ ഭൂജാതനായത്. അതിനാൽ ആലുവ അദൈ്വതത്തിന്റെ ജന്മദേശമാണ്. പക്ഷേ, സംസ്‌കൃതവും വേദവും ജാതി അടിസ്ഥാനത്തിലുള്ള മേൽക്കോയ്മയുടെ ഭാഗമാക്കി വച്ചിരുന്ന ഒരു സമൂഹത്തോട്  അതേ സങ്കേതങ്ങൾകൊണ്ട് ഇതെല്ലാം നിരർത്ഥകമാണെന്ന് സംവദിക്കേണ്ടിയിരുന്നു. അതിന് സംസ്‌കൃത വിദ്യാഭ്യാസം അത്യാവശ്യമായിരുന്നു. അതിനൊരു തുടക്കമാണ് ആലുവയിൽ ആശ്രമം സ്ഥാപിച്ചുകൊണ്ട് ഗുരു ചെയ്തത്. 1924 ൽ ഇവിടെവച്ച് ഒരു സർവമത സമ്മേളനവും ഭഗവാൻ നടത്തുകയുണ്ടായി.

ശിവഗിരി ധർമ്മസംഘം

ബ്രഹ്മചാരികളാകാൻ തയ്യാറുള്ള കുട്ടികളെ കണ്ടെത്തി വിദ്യാഭ്യാസവും ആത്മീയ സമ്പന്നതയും പ്രദാനം ചെയ്ത് അവരെ സംന്യാസത്തിലേക്ക് നയിക്കുക. സംന്യാസികളായിരുന്നുകൊണ്ട് ആരിൽനിന്നും നന്ദിപോലും പ്രതീക്ഷിക്കാതെ സമൂഹത്തെ സേവിക്കുക എന്ന ആശയത്തിന്റെ പൂർത്തീകരണമായിരുന്നു ഗുരുവിന്റെ സംന്യാസി സംഘം എന്ന ആശയം. ഭാരതീയമായ സംഹിതയനുസരിച്ച് ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നിങ്ങനെ അഞ്ച് ജീവിതഘട്ടങ്ങളാണ് പറയുന്നത്. ഇതിൽനിന്ന് വാനപ്രസ്ഥം മാറ്റിയിട്ട് മറ്റ് നാല് ജീവിതങ്ങൾ എങ്ങനെ നയിക്കണമെന്ന് ശ്രീനാരായണധർമ്മത്തിൽ ഗുരുദേവൻ മൊഴിയുന്നുണ്ട്. ജീവതത്തിന്റെ അവസാനഘട്ടം എല്ലാം അനുഭവിച്ചു മടുത്തിട്ട് കാഷായം ധരിച്ച് സംന്യാസിയാകുന്ന പരമ്പരാഗത രീതിയായിരുന്നില്ല ഗുരു വിഭാവനം ചെയ്ത സംന്യാസം. അത് കൗമാരത്തിലോ യൗവനത്തികവിലോ സ്വീകരിക്കാവുന്ന സംന്യാസമാണ്. മറ്റുള്ളവർക്കായി ത്യാഗിയായിരിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. അവർ വിദ്യാസമ്പന്നരാവണം. സമർപ്പിതരാവണം. ജനങ്ങളെ നേർവഴിക്ക് നയിക്കാൻ കഴിവുള്ളവരാകണം. സമൂഹത്തിലെ എല്ലാ ദുഷ്ട ശക്തികൾക്കും ദുഷ്‌ചെയ്തകൾക്കും എതിരെ ക്രിയാത്മകമായി ജനങ്ങളിൽ ബോധമുണർത്തിക്കൊണ്ട് പ്രവർത്തിക്കുന്നവരാവണം. അത്തരം ഒരു സംന്യാസിവർഗത്തിനുമാത്രമേ സമൂഹത്തെ രക്ഷിക്കാൻ സാധിക്കൂ. 1928 ൽ കൂർക്കഞ്ചേരി മഹേശ്വരക്ഷേത്ര പരിസരത്തുവച്ച് തിരികൊളുത്തിയ ധർമ്മസംഘം.

ആചാര പരിഷ്‌കരണം

ചാത്തനേറ്, ബാധോപദ്രവം എന്നിങ്ങനെ പലവിധത്തിലുള്ള മാനസിക പ്രശ്‌നങ്ങളെ അന്ധവിശ്വാസങ്ങളുടെ ഭാഗമാക്കി വച്ചനുഭവിച്ചിരുന്ന നിരക്ഷരജനതയാണ് ഗുരുവിൽ ആശ്രയം തേടിയെത്തിയത്. ഇതൊക്കെ വെറും വിശ്വാസങ്ങളാണ് ഇതൊക്കെ ഉപേക്ഷിക്കണം എന്നുപറഞ്ഞ് അവരെ വിരട്ടിയോടിക്കുകയല്ല ഗുരു ചെയ്തത്. അവയെ അംഗീകരിച്ചുകൊണ്ട് ചാത്തനേറും ബാധോപദ്രവവുമെല്ലാം മാറ്റിക്കൊടുത്തുകൊണ്ടാണ് അവയ്ക്ക് കാരണമായ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ആരാധനാ സമ്പ്രദായത്തെയും പരിഷ്‌കരിച്ചത്. പുളികുടി, തിരണ്ടുകുളി, കെട്ടുകല്യാണം എന്നിങ്ങനെ പണച്ചെലവുള്ളതും അർത്ഥമില്ലാത്തതുമായ ആചാരങ്ങളെ അവസാനിപ്പിച്ചു.

ശിവഗിരി തീർത്ഥാടനം

ഉത്‌സവങ്ങൾ, യാത്രകൾ, ഘോഷയാത്രകൾ, ആഘോഷങ്ങൾ എന്നിവ മനുഷ്യന് എന്നും ആവേശമുണർത്തുന്ന കാര്യങ്ങളാണ്. ഇവയ്‌ക്കൊക്കെ വേണ്ടി എത്രമേൽ പണവും സാധനങ്ങളും സമയവും ചെലവിടാൻ നമുക്ക് ഒരു മടിയുമില്ല. യാത്രകൊണ്ട് നാം പുതിയ കാഴ്ചകൾ കാണാനും നിലവിലുള്ള ജീവിതചര്യകളിൽനിന്ന് ഒരു മാറ്റം അനുഭവിക്കാനും ആഗ്രഹിക്കുന്നു. നിത്യവും കൈകാര്യം ചെയ്യുന്ന പ്രശ്‌നങ്ങളെ വിട്ട് ചില പുതിയ കാര്യങ്ങളിലേക്ക് ജീവിതത്തെ മാറ്റിവയ്ക്കുന്നു. ഉത്‌സവങ്ങൾ മാനസികവും ശാരീരികവുമായ ഉല്ലാസത്തെ ലക്ഷ്യംവച്ചാണ് നടത്തുന്നത്. ഇതൊക്കെ താത്കാലികമായ ചില സന്തോഷങ്ങൾ മാത്രമാണ്. ഉത്‌സവം ആഘോഷിച്ച് മനസിനെയും ശരീരത്തെയും രമിപ്പിച്ച് അതിന്റെ ആലസ്യവും ക്ഷീണവുമായി വീട്ടിലെത്തുമ്പോൾ ഉത്‌സവപ്പറമ്പിലേക്ക് പോയപ്പോൾ എന്തൊക്കെ പ്രശ്‌നങ്ങൾ ഇട്ടിട്ടാണോപോയത് അതൊക്കെ നമ്മെ കാത്ത് അവിടെ നില്പുണ്ടാവും. അതോടെ നേടിയ സുഖങ്ങളൊക്കെ ഒരു നിമിഷം കൊണ്ട് ഇല്ലാതാകും. ഉത്‌സവത്തിനുപോയ സമയത്തെ നമ്മൾ ശപിച്ചുപോകും. ആ സമയംകൂടി ഈ പ്രശ്‌നം പരിഹരിക്കാൻ എടുത്താൽ മതിയായിരുന്നു എന്നു വിചാരിക്കും. യാത്രയ്ക്കിടയിൽപോലും ഒന്നിച്ചുപോകുന്നവർക്കിടയിൽ കലഹങ്ങളും കലാപങ്ങളും ഉണ്ടാവാറുണ്ട്. ആഘോഷവേദികളിലും നമ്മൾ അലങ്കോലങ്ങൾ ഉണ്ടാക്കാറുണ്ട്. ഇതിനൊക്കെ ഒരു പരിഹാരമെന്ന വിധമാണ് ഗുരു ശിവഗിരി തീർത്ഥാടനം വിഭാവനം ചെയ്തത്. 1928ലായിരുന്നു അത്. കോട്ടയത്തെ നാഗമ്പടം ശിവക്ഷേത്രത്തിനുമുന്നിലെ തേന്മാവിൻ ചുവട്ടിൽ ഗുരു കാറ്റുകൊണ്ടിരിക്കുമ്പോൾ വല്ലഭശേരി ഗോവിന്ദൻ വൈദ്യരും കിട്ടൻ റൈറ്ററും ചേർന്നാണ് ശിവഗിരി തീർത്ഥാടനത്തിന് അനുമതി വേണം എന്ന ആവശ്യവുമായി എത്തുന്നത്. അവർക്കും മറ്റ് നിരവധി തീർത്ഥാടനങ്ങൾപോലെ ഈഴവർക്ക് ചെല്ലാൻ ഒരിടം എന്ന ആവശ്യമായിരുന്നു മുന്നിൽ നിന്നത്. ഗുരു അതിനെ പരുവപ്പെടുത്തി ചില ലക്ഷ്യങ്ങൾ കൂടി നൽകി. പത്തുദിവസത്തെ പഞ്ചശുദ്ധിയോടുകൂടിയ വ്രതം എടുത്തിട്ടുവേണം തീർത്ഥാടനത്തിനിറങ്ങാൻ. ശരീരം ശുദ്ധിയാക്കുക, ചീത്തവിചാരങ്ങളെയൊടുക്കി മനസ് ശുദ്ധിയാക്കുക, ഇന്ദ്രിയങ്ങളെ ശുദ്ധിയാക്കുക, വാക്ക് ശുദ്ധിയുള്ളതാക്കുക, ഗൃഹം ശുദ്ധിയായി സൂക്ഷിക്കുക എന്നിവയാണ് പഞ്ചശുദ്ധികൾ. അവ പത്തുദിവസം ആചരിച്ചുകഴിയുമ്പോൾ മനസും ശരീരവും തെളിയും. മറ്റൊരാളുമായി ഇടപഴകാനും ക്ഷമയോടെയും സഹവർത്തിത്വത്തോടെയും പെരുമാറാൻ സാധിക്കും. അപ്പോൾ യാത്രയ്ക്കിടയിലെ കലഹങ്ങളും കലാപങ്ങളും ഒഴിവായി. പണം ചെലവിട്ടുള്ള ധൂർത്ത് പാടില്ലെന്നാണ് അടുത്ത നിർദ്ദേശം. അത് പാലിച്ചാൽ യാത്രകൊണ്ട് കടക്കെണി ഉണ്ടാവില്ല. ശിവഗിരിയിലെത്തി കുഴൽവെള്ളത്തിൽ കുളിച്ച് ശാരദയെ തൊഴുതാൽ മനസിന് കുളിർമ്മ കിട്ടും. ആ സമയം സ്വയം അറിയാൻ പക്വമായിരിക്കുന്ന തീർത്ഥാടകർക്ക് വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കൈത്തൊഴിൽ, ശാസ്ത്രസാങ്കേതിക വിഷയങ്ങളിൽ ലോകത്തുണ്ടാകുന്ന മാറ്റങ്ങൾ അതനുസരിച്ച് മാറേണ്ടതിന്റെ ആവശ്യകത എങ്ങനെ മാറണം? എന്തു പരിവർത്തനമാണ് സ്വന്തം നിലപാടിൽ വരുത്തേണ്ടത് എന്നിങ്ങനെ ജീവതാവബോധം നേടുക. എന്നിട്ട് മടങ്ങുക. വീട്ടിലെത്തുമ്പോൾ പഴയതുപോലെ ജീവിതപ്രതിസന്ധികൾ ഏറെയുണ്ടാവും. പക്ഷേ, പുതിയ ഒരു കാഴ്ചപ്പാടുമായിട്ടാണ് മടങ്ങി എത്തിയിരിക്കുന്നത്. ആ അവസ്ഥാപരിവർത്തനത്തിൽ നിന്നുകൊണ്ട് ഭംഗിയായി കൈകാര്യം ചെയ്യാൻ സാധിക്കും. ഇതായിരുന്നു ഗുരു വിഭാവനം ചെയ്ത തീർത്ഥാടനം.

 

ഗുരുവിന്റെ കൃതികളെ സ്‌തോത്രകൃതികളെന്നും ദാർശനിക കൃതികളെന്നും രണ്ടായി തിരിച്ചിട്ടുണ്ടെങ്കിലും രണ്ടിനങ്ങളുടെയും അന്തർധാര ഗുരുവിന്റെ സത്യദർശനം തന്നെയെന്ന് പഠിതാവിന് ബോദ്ധ്യമാകും. ദൈവത്തെ നിർവചിക്കുന്ന, ദൈവഭക്തിയുടെ മാമൂലുകളെ നീക്കം ചെയ്ത് സ്ഫുടമാക്കുന്ന ദൈവദശകം, ആത്മബോധത്തെ ഉള്ളിൽ ഊട്ടിയുറപ്പിക്കുന്ന ആത്‌മോപദേശശതകം, അദൈ്വതദീപിക, ദർശനമാല, അറിവ്, ഈശാവസ്യം പരിഭാഷ എന്നിങ്ങനെ സാഹിത്യവും ഭാഷാസൗന്ദര്യവും ചേർത്തുവച്ച തനി വേദാന്തശുദ്ധിയാണ് ഗുരു കൃതികൾ.

വിനായകാഷ്ടകം, ദേവീസ്തവം, മണ്ണന്തലദേവീസ്തവം, കാളീനാടകം, ജനനീനവരത്നമഞ്ജരി, ഭദ്രകാള്യഷ്ടകം, ഷൺമുഖസ്തോത്രം, ഷൺമുഖദശകം, ഷാൺമാതുരസ്തവം, സുബ്രഹ്മണ്യകീർത്തനം, നവമഞ്ജരി, ഗുഹാഷ്ടകം, ബാഹുലേയാഷ്ടകം, ശിവപ്രസാദപഞ്ചകം, സദാശിവദർശനം, ശിവശതകം, അർദ്ധനാരീശ്വരസ്തവം, മനനാതീതം, ചിജ്ജഡചിന്തനം, കുണ്ഡലിനീപ്പാട്ട്, ഇന്ദ്രിയ വൈരാഗ്യം, ശിവസ്തവം, കോലതീരേശസ്തവം, സ്വാനുഭവഗീതി, പിണ്ഡനന്ദി, ചിദംബരാഷ്ടകം, ഒരു തമിഴ്ശ്ളോകം, ശ്രീവാസുദേവാഷ്ടകം, വിഷ്ണ്വഷ്ടകം, ശ്രീകൃഷ്ണദർശനം, ജാതിനിർണയം, ജാതിലക്ഷണം, സദാചാരം, ജീവകാരുണ്യപഞ്ചകം, അനുകമ്പാദശകം, ആശ്രമം, ധർമ്മഃ, ആത്മോപദേശ ശതകം, അദ്വൈതദീപിക, അറിവ്, ദൈവദശകം, ദർശനമാല, ബ്രഹ്മവിദ്യാപഞ്ചകം, മുനിചര്യാപഞ്ചകം, നിർവൃതിപഞ്ചകം, ശ്ളോകത്രയി, വേദാന്തസൂത്രം, ഹോമമന്ത്രം, ഈശാവാസ്യോപനിഷത്, തിരുക്കുറൽ, വാൻചിറപ്പ്, നീത്താർപെരുമൈ, ഭാര്യാധർമ്മം, ഗദ്യപ്രാർത്ഥന, ദൈവചിന്തനം ഒന്ന്, ദൈവചിന്തനം രണ്ട്, മംഗളാശംസ, സമാധിശ്ളോകങ്ങൾ, ദേവീപ്രണാമദേവ്യഷ്ടകം, അഹിംസ, വിശാഖഷഷ്ടി

വിശ്വമാനവികതയുടെ മഹാപ്രവാചകനും അധ:സ്ഥിത ജനസമൂഹത്തിന്റെ വിമോചകനുമായ ശ്രീനാരായണഗുരുദേവന്‍ ലോകം കണ്ടിട്ടുളള വിദ്യാഭ്യാസ വിചക്ഷണന്മാരില്‍ അദ്വിതീയനാണ്. ഗുരുദേവസന്ദേശങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്നത്. അതായത് അറിവിലൂടെ അവനവന്റെ അസ്തിത്വത്തെക്കുറിച്ചുളള ബോധമുണ്ടാവുക. വിദ്യയെന്ന അറിവാണ്. പഠനമൊരു അഭ്യാസമാണ്. വിദ്യാഭ്യാസമെന്നത് ആത്മീയവും ഭൗതികവുമായ മൂല്യങ്ങളെക്കുറിച്ചുളള ബോധനത്തിലൂടെ വ്യക്തിയെ പ്രബുദ്ധതയിലേക്കു നയിക്കുന്നതും സമൂഹമര്യാദകള്‍ക്കനുസരിച്ച് സമൂഹത്തിന്റെ ഭാഗമായി ജീവിക്കുവാനും ഉത്തമ ജീവിതായോചന മാര്‍ഗം സ്വായത്തമാക്കുവാനും പ്രാപ്തമാക്കുന്നതുമായ ഒരു പ്രക്രിയയാണ്. പ്രസിദ്ധ റോമന്‍ നിയമകര്‍ത്താവായ സിസേറോ അറിവിനെ പരമമായ ജ്ഞാനത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്ന ഒരു പ്രക്രിയ എന്ന നിലയിലാണ് വിദ്യാഭ്യാസത്തെ നിര്‍വചിച്ചിട്ടുളളത്. വിദ്യാഭ്യാസം എന്നതിനുനിരവധി നിര്‍വചനങ്ങളുണ്ട്. സത്യത്തിന്റെ അകവും പുറവും വെളിവാക്കുന്നതാണത്. ജീവിതത്തിന്റെ വ്യാവഹാരികതലങ്ങളെ അഭിമുഖീകരിക്കുവാന്‍ പാകപ്പെടുത്തുന്നതാണത്. ഒരു പൂര്‍ണ്ണമനുഷ്യനെ രൂപപ്പെടുത്തുന്നതാണത്. ബുദ്ധിശക്തിയെയും ധൈര്യത്തെയും വൈകാരികതലങ്ങളെയും വികസിപ്പിക്കുന്നതാണത്. പൗരബോധത്തെ ഉണ്ടാക്കുന്നതും പൗരത്വത്തിന്റെ അധികാരത്തെയും യോഗ്യതയെയും ബോധ്യപ്പെടുത്തുന്നതുമാണത്. മൊത്തത്തില്‍ നന്മയുടെ വിളയലിനും വിജയത്തിനും വേണ്ടിയുളള ഒരു സാമൂഹികവ്യവസ്ഥ രൂപപ്പെടുത്തി ജീവിതത്തെ അഭിമുഖീകരിക്കുവാനുളള ബോധവും ശേഷിയും നല്‍കി മനുഷ്യരെ പ്രാപ്തമാക്കുകയെന്നതാണ് വിദ്യാഭ്യാസം ലക്ഷ്യമാക്കുന്നത്. ഇവയോരോന്നും ഭാഗികമായി മൂല്യമുളളതാവാം. എന്നാല്‍ ഇവയില്‍ ഏറ്റവും മെച്ചപ്പെട്ട ഒന്നായി മനുഷ്യരുടെ ഐക്യവും അഖണ്ഡതയും സമനിലയും സൗന്ദര്യവും ജീവിതശൈലികളുടെ അനുപാതവും യോജിപ്പുമൊക്കെ രൂപപ്പെടുത്തുന്നതും അതിന്റെ അരുളും പൊരുളും പ്രതിപാദിക്കുന്നതുമാണെന്ന് നടരാജഗുരുവും വ്യക്തമാക്കിയിട്ടുണ്ട്.

ഗുരുദേവന്റെ ജീവിതം തന്നെ ദീർഘമായ ഒരു യാത്രയാണ്. ലോകം ഇരുട്ടിലാണ്ടുകിടന്നപ്പോൾ വെളിച്ചംതേടി നടത്തിയ യാത്ര. ചെമ്പഴന്തിയിലെ വയൽവാരം വീട്ടുമുറ്റത്തുനിന്ന് ആയാത്ര എങ്ങോട്ടേക്കൊക്കെയായിരുന്നുവെന്ന് കണ്ടെത്തുക പ്രയാസമാണ്. ഗുരുസഞ്ചരിച്ച വഴി നമ്മൾ മനുഷ്യർക്ക് അപ്രാപ്യമാണ്. അവധൂതകാലത്ത് ഗുരു ഇന്ത്യമുഴുവനുമോ ഇന്ത്യയ്ക്ക് പുറത്തേക്കോ ഒക്കെ സഞ്ചരിച്ചിരുന്നു എന്ന് പറയപ്പെടുന്നു. ഇതക്കുറിച്ച് ആർക്കും അറിവില്ല. ഗുരുദേവൻ തന്റെ ഭൂതകാലത്തെക്കുറിച്ചോ തന്നെക്കുറിച്ചോ അല്പമാത്രമായിട്ടേ സംസാരിച്ചിട്ടുള്ളൂ. എങ്കിലും ശിഷ്യർ ഒപ്പമുണ്ടായിരുന്ന യാത്രകളെക്കുറിച്ച് ചില വിവരങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
1871 വരെ ഗുരുദേവൻ ചെമ്പഴന്തിയിൽ ഉണ്ടായിരുന്നു. 1877 മുതൽക്ക് ദീർഘസഞ്ചാരം തുടങ്ങി. ഉപരിവിദ്യാഭ്യാസത്തിനായി കരുനാഗപ്പള്ളി വാരണപ്പള്ളിയിലേക്കാണ് യാത്ര തുടങ്ങിയത്. അത് പിന്നെ തപസിലേക്കും അവധൂതവൃത്തിയിലേക്കും തിരിഞ്ഞു. മരുത്വാമല,അരുവിപ്പുറം എന്നിവിടങ്ങളിലായിരുന്നു തപസ്. തുടർന്ന് അരുവിപ്പുറം പ്രതിഷ്ഠയോടെ ഗുരുലോകസംഗ്രഹത്തിനായി സഞ്ചരിച്ചുതുടങ്ങി. ക്ഷേത്രസംസ്ഥാപനവും ആശ്രമസ്ഥാപനവും വിദ്യാലയങ്ങൾക്കായുള്ള പണപ്പിരിവുമൊക്കെയായി അതങ്ങ് ദക്ഷിണേന്ത്യയാകെ പരന്നു. 1911 മുതൽ നടത്തിയ യാത്രയിൽ ദക്ഷിണേന്ത്യയിലെ പുണ്യക്ഷേത്രങ്ങളും പുണ്യതീർത്ഥങ്ങളും മുഴുവൻ സഞ്ചരിച്ചു. 1918ൽ കൊളംബിലേക്ക് യാത്ര തിരിച്ചു. പന്ത്രണ്ട് ദിവസം സിലോണിൽ പലയിടത്തായി സഞ്ചരിച്ചു. തുടർന്ന് 1926ൽ വീണ്ടും കൊളംബ് സന്ദർശിച്ചിരുന്നു

1928 സെപ്തംബർ 21നായിരുന്നു ഗുരുവിന്റെ മഹാസമാധി. എന്താണ് സമാധി എന്നു പറഞ്ഞാൽ? സമാധിയെന്നാൽ ശരിയായ അവസ്ഥ ഇരിപ്പിടം എന്നിങ്ങനെയാണ് അർത്ഥം. ഒരാൾ സമാധിസ്ഥനാവുക എന്നു പറഞ്ഞാൽ അദ്ദേഹം ജീവിതത്തിന്റെ പൊരുൾ ഗ്രഹിച്ച് സത്യസ്ഥിതനായി ഇരിക്കുക എന്നാണ്. വികാരങ്ങൾക്കും വിചാരങ്ങൾക്കും അദ്ദേഹത്തെ പിന്നെ സ്വാധീനിക്കാൻ സാധിക്കില്ല. അങ്ങനെ നോക്കുമ്പോൾ മരുത്വാമല തപസോടെ ഗുരു സത്യസ്ഥിതിയിൽ സമാധിസ്ഥനായി. ദേഹത്തോടെ വർഷങ്ങൾ ഈ ഭൂമിയിൽ മോദസ്ഥിതനായി അധിവസിച്ചു. പിന്നെ സംഭവിക്കേണ്ടത് മഹാസമാധിയാണ്. മഹാസമാധി സംഭവിക്കുന്നത് സമാധിസ്ഥനായി ജീവിക്കുന്ന മഹത്തുക്കൾക്ക് മാത്രമാണ്. ദേഹം കൂടി ത്യജിച്ചിട്ട് പരമാത്മ സത്യത്തിൽ ലയിക്കുന്ന അവസ്ഥ. അതാണ് ശ്രീനാരായണഗുരുവിനും സംഭവിച്ചത്. മഹാസമാധിക്ക് കുറേനാൾ മുമ്പേതന്നെ ശരീരം അസുഖബാധിതമായി. ഭക്തരുടെയും ശിഷ്യരുടെയും നിർബന്ധപ്രകാരം പാലക്കാട്ടും തമിഴകത്തും ഒക്കെ നിരവധി ചികിത്‌സകൾ നടത്തി. ഒടുവിൽ കന്യാകുമാരിയിൽ പ്രശസ്തനായ സോമർവെൽ എന്ന ഡോക്ടർ ഒരു കാര്യം പറഞ്ഞു. ഗുരുവിന്റെ അസുഖം വിചാരിച്ചാൽ മാത്രം മാറുന്നതാണ്. അതായത് ഗുരു അറിയാതെ ആ ദേഹത്ത് രോഗാണുക്കൾക്ക് എത്തിനോക്കാൻ പോലും സാധിക്കില്ലെന്നർത്ഥം. അസുഖബാധിതനാകുന്നതിന് കുറച്ചുനാൾ മുമ്പേ ഗുരു മൊഴിഞ്ഞു. ഈ ശരീരം പഴയതായി ഇത് മാറ്റണം എന്ന്. അങ്ങനെയൊരു തയാറെടുപ്പിന്റെ ഭാഗമായിരുന്നു അസുഖം. മഹാസമാധിക്ക് രണ്ട് ദിവസം മുമ്പ എല്ലാ അസുഖലക്ഷണങ്ങളും ഗുരുവിൽനിന്ന് മാഞ്ഞിരുന്നു. മുഖം ശാന്തവും തേജസുറ്റതുമായിരുന്നു. ശിഷ്യർ സദാസമയവും അടുത്തിരുന്ന് ശുശ്രൂഷിച്ചും മഹത്ഗ്രന്ഥങ്ങൾ ആലപിച്ചും മഹാസമാധിക്ക് വിശുദ്ധമായ അന്തരീക്ഷമൊരുക്കി. ഉച്ചയ്ക്ക് മൂന്നേകാലോടെയായിരുന്നു മഹാസമാധി. ശിവഗിരിക്കുന്നിന്റെ നിറുകയിൽ പിറ്റേന്ന് വൻ ഭക്തജനാവലിയെ സാക്ഷിയാക്കി ആ വിശുദ്ധദേഹം ഭൂമിയിൽ അടക്കം ചെയ്തു.

ഈ പുണ്യസങ്കേതത്തിന്റെ സാക്ഷാത്കാരത്തിനായി അങ്ങേക്കും പങ്കുചേരാം

സമർപ്പണം