inner page banner

മരുന്നുവാഴും മലൈ

ആകാശത്തേക്ക് തല ഉയർത്തിനിൽക്കുന്ന കരിമ്പാറക്കൂട്ടമാണ് ഒറ്റനോട്ടത്തിൽ മരുത്വാമല. നാഗർകോവിലിൽ നിന്ന് കന്യാകുമാരിക്ക് പോകുന്നവഴിയിൽ കന്യാകുമാരിക്ക് അഞ്ച് കിലോമീറ്റർ മുമ്പേ വഴിയുടെ ഇടതുവശത്തായി മരുത്വാമല കാണാം. പൊറ്റയടി എന്നാണ് ഈ പ്രദേശത്തിന്റെ പേര്. കന്യാകുമാരി ജില്ലയിൽ ശുചീന്ദ്രം ദേശം. കുത്തനെയുള്ള കയറ്റമാണ് മലയിലേക്കുള്ള വഴി. അത് അതിദുർഘടമാണ്. എന്നാൽ ശ്രീനാരായണഗുരുവിൽ ഭക്തിയോടെ വ്രതമാചരിച്ച് ഗുരുസ്മരണയോടെ എത്തുന്ന വികലാംഗർക്കുപോലും മലകയറി മുകളിലെത്താൻ സാധിക്കാറുണ്ടെന്നുള്ളതാണ് വിസ്മയകരമായ യാഥാർത്ഥ്യം. മേഘമാർഗത്തെ തടയുന്നവിധം ഉയരമുണ്ട് മലയ്ക്ക.് മൂന്നുമലകൾ ഒന്നുചേർന്നാണ് നിലകൊള്ളുന്നത്. പാറക്കെട്ടുകൾക്കിടയിൽ അങ്ങിങ്ങായി കുറ്റിച്ചെടികൾ, മുനയൻ എന്നുവിളിക്കുന്ന മുൾച്ചെടി, പെരുമരം, അരശുമരം, വെമ്പാട, പേരാൽ എന്നിവയും ഇടയ്ക്കിടെ കാണാം. കാട്ടുവള്ളികളും വൃക്ഷസഞ്ചയങ്ങളും കുറേയിടങ്ങളിൽ നന്നായി നിൽപ്പുണ്ട്. രാവിലെയുള്ള മലകയറ്റം ആയാസരഹിതമാണ്. മൂന്നാം മലയിലാണ് പിള്ളത്തടം ഗുഹ. ഇവിടെയാണ് ആറുവർഷത്തോളം ശ്രീനാരായണഗുരുദേവൻ ഏകാന്ത തപസ് അനുഷ്ഠിച്ചത്. ഗുരുവിനുമുമ്പും ശേഷവും ഒരുപാട് ഏകാന്തയോഗികൾക്ക് ഇവിടം തപോഭൂമിയായിട്ടുണ്ട്. ഇപ്പോഴും മലയുടെ താഴ്‌വരമുതൽ മുകളിൽ യോഗമണ്ഡപംവരെ പലഗുഹകളിലായി യോഗീവാസം ഉണ്ട്. പല ഗുഹകളും വനംവകുപ്പ് പിന്നീട് കെട്ടിയടച്ചു. പിള്ളത്തടം സമുദ്രാഭിമുഖമായി തുറക്കുന്ന വാതിലോടെയുള്ള ഒരു ഗുഹയാണ്. ഇതിലേക്ക് രണ്ട് പാറക്കെട്ടുകൾക്കിടയിലൂടെ നൂണ്ടിറങ്ങിയാൽ എത്താം. മെയ്‌വഴക്കം ആവശ്യമുള്ള ഇടമാണ്. ഗുഹയ്ക്കുള്ളിൽ ഏതു വേനലിലും തണുപ്പുള്ള കാലാവസ്ഥയാണ്. ഇവിടെ വന്നിരുന്നാൽ വിശപ്പും ദാഹവും അറിയില്ല എന്നതാണ് അത്യത്ഭുതം. പക്ഷേ, ധ്യാനനിമഗ്മായ മനസുണ്ടാവണമെന്നുമാത്രം. ഗുഹയ്ക്കും പരിസരത്തിനും കനമുള്ള മൗനമുണ്ട്. ഇവിടെ സഞ്ചാരികളായിവരുന്നവർ ബഹളമുണ്ടാക്കി മൗനാന്തരീക്ഷം നശിപ്പിക്കരുതെന്നുമാത്രം. ധ്യാനിച്ചിരുന്നാൽ വല്ലാത്ത ഒരു അനുഭൂതിവന്നു നിറയുകയും ചെയ്യും.
ലോകത്തിന്റെ ആത്മജ്ഞാന മകുടം ഹിമാലയമാണ്. ഹിമാലയം ഇന്ത്യയുടെ ശിരസും ചുമലുമായി നിലകൊള്ളുന്നു. പാദഭാഗമാണ് മരുത്വാമല. ഒരു ത്രികോണം തലകുത്തനെ വച്ചതുപോലെയാണ് ഇന്ത്യയുടെ ബാഹ്യരൂപം. മരുത്വാമലയിൽ തപസനുഷ്ഠിച്ച് ആത്മസൂര്യനെ ഉണർത്തി ഗുരുദേവൻ ജനസമുദ്രത്തിലേക്ക് ഇറങ്ങിയപ്പോൾ മുതൽക്ക് ഇന്ത്യൻ മനുഷ്യത്വബോധത്തിന്റെ ശിരസായിമാറി മരുത്വാമല. അപ്പോൾ നിവർത്തിവച്ച ത്രികോണം പോലെയായി ഇന്ത്യൻ ആത്മീയത. ആര്യൻ അധിനിവേശത്തോടെ തലതിരിഞ്ഞുപോയ ഇന്ത്യൻ ദാർശനികതയെ നേരാംവഴിക്കാക്കിയത് മരുത്വാമലയിലെ നാരായണ തപസ്വിയാണ്. വരേണ്യതയുടെ വേദമന്ത്രങ്ങളും ധ്വനിസമൃദ്ധിയും മാത്രം കേട്ടുകൊണ്ട് ഉണരുന്ന ഹിമാലയം അതിനു താഴേക്കിടയിൽ കഴിയുന്ന വലിയ വിഭാഗം ജനത്തെ മനുഷ്യരായി പോലും അംഗീകരിക്കാത്തവിധമുള്ള ജാതി അയിത്തത്തിന്റെ ഭാഗമായി നിലകൊണ്ടു. ഈ സമയമാണ് ഇന്ത്യൻ സംന്യാസികൾ ഭൂരിഭാഗവും ഹിമാലയത്തെ തപസിനായി തിരഞ്ഞെടുക്കുന്ന സമയത്ത് ഇന്ത്യയുടെ കാൽപ്പാദംപോലെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന മരുത്വാമലയിലേക്ക് ശ്രീനാരായണഗുരു തപസിനെത്തുന്നത്. ആ ആത്മജ്യോതിസ് പിള്ളത്തടത്തിൽ തെളിഞ്ഞപ്പോൾ ഹിമവാന്റെ അഹന്തയൊന്ന് കുറഞ്ഞിട്ടുണ്ടാവണം. കാലിൽ മുള്ളുതറയ്ക്കുമ്പോൾ തലകുനിക്കുന്നതുപോലെയായിരുന്നു അത്.
അഗസ്ത്യമുനി തപസുചെയ്തതും മരുത്വാമലയിലാണെന്ന് പറയപ്പെടുന്നുണ്ട്. എന്നാൽ ഗുരുവിന്റെ തപോഭൂമിയായിട്ടാണ് മരുത്വാമല അറിയപ്പെടുന്നത്. അതിനൊരു കാരണമുണ്ട്. മറ്റെല്ലാ തപസുകളും ആത്മനിർവൃതിയോടെ വ്യക്തിയിൽനിന്ന് സത്യത്തിലേക്ക് നീങ്ങിയപ്പോൾ ഗുരുവിന്റെ തപസ് സത്യത്തിൽനിന്ന് ലോകസേവയിലേക്കാണ് നീങ്ങിയത്. അദൈ്വതം എന്ന സത്യം സ്വയം സാക്ഷാത്കരിക്കാനുള്ള ഇടമായി കണ്ട് കൂടുതൽ ഏകാന്തതയിലേക്ക് യോഗിമാർ സഞ്ചരിച്ചപ്പോൾ അതേ അദൈ്വതത്തെ സമൂഹത്തിലെ ഉച്ചനീചത്വത്തിനും അനീതിക്കും അസമത്വത്തിനും ഉള്ള മരുന്നായി ഉപയോഗിക്കാം എന്നാണ് ഗുരുവിന്റെ തപസ് മാതൃക കാട്ടിയത്.
മലയതിലുണ്ട് മരുന്നുമൂന്നു പാമ്പും
പുലിയുമതിന്നിരുപാടുമുണ്ടുകാവൽ
പുലയനെടുത്തു ഭുജിച്ചപതായിന്നും
വിലസതിനീയുമെടുത്തുകൊൾക നെഞ്ചേ
എന്ന് മരുത്വാമല വാസത്തെ പരാമർശിച്ച് ഗുരു ശിവശതകത്തിൽ എഴുതിയിട്ടുണ്ട്. മരുത്വാമലയിലെ മൂന്നു മരുന്നുകളെക്കുറിച്ചാണ് ഗുരു മൊഴിയുന്നത്. ആ മൂന്നു മരുന്നുകൾ സത്ത്, ചിത്ത്, ആനന്ദം ആണ്. അതിന്നിരുപാടും പുലിയും പാമ്പും കാവലുണ്ട്. മരുത്വാമലയിൽ ഗുരു തപസുചെയ്യുന്ന കാലത്ത് ഒരു പുലിയും പാമ്പും ഗുഹയ്ക്കുള്ളിൽ കാവലായി ഉണ്ടായിരുന്നു. പുലി രാവിലെ ഗുരുവിനെ വലംവച്ചിട്ടാണ് ഇരതേടി പോകുന്നത്. പാമ്പ്‌ദേഹമാകെ ഇഴഞ്ഞുനടക്കുമായിരുന്നു. ശിവശതകത്തിലെ പരാമർശം പക്ഷേ, ഇതല്ല. അതൊരു ബിംബകല്പനയാണ്. പുലി എല്ലാവരിലേക്കും ചാടിവീഴുന്ന നമ്മുടെ ഉള്ളിലെ ക്രോധവും പാമ്പ് ആഗ്രഹങ്ങളിലേക്കെല്ലാം ഇഴഞ്ഞുകയറുന്ന കാമവും ആണ്. ഇവയെ രണ്ടിനെയും മറികടന്നാൽ ജീവിതത്തെ അറിയുന്ന മരുന്ന ലഭിക്കും. പുലയൻ എന്ന പ്രയോഗം ഭൗതികജീവിതത്തിൽ അറിവില്ലാതെ കിടന്നുപുളച്ച് ജന്മങ്ങൾ ഒരുപാട് അനുഭവിക്കുന്ന ആത്മാവാണ്. അതിന്റെ മറുപാതി ആത്മജ്ഞാനമാണ്. അതിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഇവിടെ സൂചന നൽകുന്നത്.
പിള്ളത്തടത്തിലെ ആറുവർഷത്തെ തപസിനിടെ ഗുരുവിന്റെ ഭക്ഷണമായിരുന്നത് കട്ടുക്കൊടി എന്ന ഔഷധ സസ്യമായിരുന്നു. അതിന്റെ ഇലയെടുത്തു പിഴിഞ്ഞുവച്ചാൽ അപ്പംപോലെയാകും. തപസിന്റെ അന്ത്യകാലത്ത് ഒരു രാത്രി കൈപ്പത്തിയും കാൽപ്പത്തിയും അറ്റുപോയ ഒരു കുഷ്ഠരോഗി അരിവറുത്തതും വെള്ളവുമായി മലയിലെത്തിയെന്നാണ് ഗുരു തന്നെ മൊഴിഞ്ഞിട്ടുള്ളത്.
തപസുവിട്ട് ഗുരു പിള്ളത്തടം വിട്ട് പുറത്തിറങ്ങിയപ്പോൾ താഴ്‌വാരവാസിയായ ഒരു ഫോറസ്റ്റ് ഓഫീസറുടെ കണ്ണിൽപ്പെട്ടു. അങ്ങേ മലയിൽനിന്ന് നോക്കുമ്പോൾ ഒരു യോഗീരൂപം. സമീപത്ത് ശാന്തനായി കിടക്കുന്ന ഒരു പുലിയെയും കണ്ടു. ഒരു ദിവസം അയാൾ മലകയറിവന്ന് ഗുരുവിനെ വണങ്ങി. സ്വന്തം വസതിയിൽ കൊണ്ടുപോയി പരിചരിച്ച് പൂജിച്ചു. അയാൾക്ക് അതിൽപ്പിന്നെ വലിയ ഐശ്വര്യം വന്നുകൂടി. ഇതറിഞ്ഞ് പലരും മലകയറിവന്നു. സ്വസ്ഥത നഷ്ടപ്പെടുമെന്നു കണ്ട് ഗുരു മലയിറങ്ങി നേരെ അരുവിപ്പുറം കാടുകളിലേക്ക് പോവുകയായിരുന്നു.