inner page banner

ക്ഷേത്ര പ്രതിഷ്ഠകൾ

ഗുരുദേവന്റെ ജീവിതം തന്നെ ദീർഘമായ ഒരു യാത്രയാണ്. ലോകം ഇരുട്ടിലാണ്ടുകിടന്നപ്പോൾ വെളിച്ചംതേടി നടത്തിയ യാത്ര. ചെമ്പഴന്തിയിലെ വയൽവാരം വീട്ടുമുറ്റത്തുനിന്ന് ആയാത്ര എങ്ങോട്ടേക്കൊക്കെയായിരുന്നുവെന്ന് കണ്ടെത്തുക പ്രയാസമാണ്. ഗുരുസഞ്ചരിച്ച വഴി നമ്മൾ മനുഷ്യർക്ക് അപ്രാപ്യമാണ്. അവധൂതകാലത്ത് ഗുരു ഇന്ത്യമുഴുവനുമോ ഇന്ത്യയ്ക്ക് പുറത്തേക്കോ ഒക്കെ സഞ്ചരിച്ചിരുന്നു എന്ന് പറയപ്പെടുന്നു. ഇതക്കുറിച്ച് ആർക്കും അറിവില്ല. ഗുരുദേവൻ തന്റെ ഭൂതകാലത്തെക്കുറിച്ചോ തന്നെക്കുറിച്ചോ അല്പമാത്രമായിട്ടേ സംസാരിച്ചിട്ടുള്ളൂ. എങ്കിലും ശിഷ്യർ ഒപ്പമുണ്ടായിരുന്ന യാത്രകളെക്കുറിച്ച് ചില വിവരങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

1871 വരെ ഗുരുദേവൻ ചെമ്പഴന്തിയിൽ ഉണ്ടായിരുന്നു. 1877 മുതൽക്ക് ദീർഘസഞ്ചാരം തുടങ്ങി. ഉപരിവിദ്യാഭ്യാസത്തിനായി കരുനാഗപ്പള്ളി വാരണപ്പള്ളിയിലേക്കാണ് യാത്ര തുടങ്ങിയത്. അത് പിന്നെ തപസിലേക്കും അവധൂതവൃത്തിയിലേക്കും തിരിഞ്ഞു. മരുത്വാമല,അരുവിപ്പുറം എന്നിവിടങ്ങളിലായിരുന്നു തപസ്. തുടർന്ന് അരുവിപ്പുറം പ്രതിഷ്ഠയോടെ ഗുരുലോകസംഗ്രഹത്തിനായി സഞ്ചരിച്ചുതുടങ്ങി. ക്ഷേത്രസംസ്ഥാപനവും ആശ്രമസ്ഥാപനവും വിദ്യാലയങ്ങൾക്കായുള്ള പണപ്പിരിവുമൊക്കെയായി അതങ്ങ് ദക്ഷിണേന്ത്യയാകെ പരന്നു. 1911 മുതൽ നടത്തിയ യാത്രയിൽ ദക്ഷിണേന്ത്യയിലെ പുണ്യക്ഷേത്രങ്ങളും പുണ്യതീർത്ഥങ്ങളും മുഴുവൻ സഞ്ചരിച്ചു. 1918ൽ കൊളംബിലേക്ക് യാത്ര തിരിച്ചു. പന്ത്രണ്ട് ദിവസം സിലോണിൽ പലയിടത്തായി സഞ്ചരിച്ചു. തുടർന്ന് 1926ൽ വീണ്ടും കൊളംബ് സന്ദർശിച്ചിരുന്നു